ദുബൈ: ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള യു എ ഇ ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ ഭേദഗതി അടുത്ത മാസം പ്രാബല്യത്തില്‍. കൂടുതല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കു പദ്ധതിയില്‍ വിസ അനുവദിക്കുന്ന തരത്തിലാണു ഭേദഗതി. മറ്റു വിസാ പരിഷ്കാരങ്ങളും ഇതിനൊപ്പം നടപ്പിലാവും.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, അസാധാരണമായ കഴിവുള്ള വ്യക്തികള്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, എന്നീ ആറു വിഭാഗങ്ങളിലുള്ളവര്ക്കാണു യു എ ഇയുടെ 10 വര്‍ഷ ഗോര്‍ഡന്‍ വിസ ലഭിക്കുക. ഏപ്രിലിലാണു പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി യു എ ഇ പ്രഖ്യാപിച്ചത്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപക വിഭാഗത്തില്‍ രണ്ടു ദശലക്ഷം ദിര്‍ഹമോ അതില്‍ കൂടുതലും നിക്ഷേപിക്കുന്നവര്ക്കാണു ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹത. പ്രാദേശിക ബാങ്കില്‍നിന്ന് മോര്‍ട്ട്ഗേജ് വഴി വസ്തു വാങ്ങുന്നവര്‍ക്കും ഓഫ് പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്കും അപേക്ഷിക്കാം.
കല, സാംസ്കാരികം, ഡിജിറ്റല്‍ ടെക്നോളജി സ്പോര്‍ട്സ്, ഇന്നൊവേഷന്, മെഡിസിന്, നിയമം തുടങ്ങിയ മേഖലകളിലെ കഴിവുള്ളവര്‍ക്ക് അസാധാരണമായ കഴിവുള്ള വ്യക്തികള്‍ എന്ന വിഭാഗത്തില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ നില, പ്രതിമാസ ശമ്പളം അല്ലെങ്കില്‍ പ്രൊഫഷണല്‍ നിലവാരം എന്നിവ ഈ വിഭാഗത്തില്‍ മാനദണ്ഡമാകുന്നില്ല.
ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍നിന്ന് എന്‍ജിനീയറിങ് സാങ്കേതിക, ലൈഫ് സയന്‍സസ്, നാച്ചുറല്‍ സയന്‍സസ് എന്നിവയില്‍ പി എച്ച ്ഡി അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടിയ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. അത്തരം ആളുകളെ എമിറേറ്റ്സ് സയന്റിസ്റ്റ് കൗണ്‍സിലിന്റെ ശിപാര്‍ശ ചെയ്യേണ്ടതുണ്ട്.
സംരംഭകരുടെ വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍ക്കു പുതിയ നിയമങ്ങള്‍ പ്രകാരം അവസരം പ്രയോജനപ്പെടുത്താം. യു എ ഇയില്‍ റജിസ്റ്റര്‍ ചെയ്ത 10 ലക്ഷം ദിര്‍ഹമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തില്‍ പെടും.
യു എ ഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഏര്‍പ്പെട്ട വിഗദ്ധ തൊഴിലാളികള്‍ക്കാണു ഗോള്‍ഡന്‍ വിസ ലഭിക്കുക. മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍വചിച്ചിരിക്കുന്ന ഒന്നോ അല്ലെങ്കില്‍ രണ്ട് തൊഴില്‍ നിലവാരം പ്രകാരമുള്ള ജോലിക്കു കീഴിലായിരിക്കണം. മിനിമം പ്രതിമാസ ശമ്പളം 30,000 ദിര്‍ഹം വേണം. നേരത്തെ ഇത് 50,000 ദിര്‍ഹം ആയിരുന്നു. തൊഴിലാളികള്‍ ബാച്ചിലേഴ്സ് ബിരുദധാരികളായിരിക്കണം.
യു എ ഇ സെക്കന്‍ഡറി സ്കൂളിലോ യൂണിവേഴ്സിറ്റികളിലോ ഉയര്‍ന്ന സ്കോര്‍ നടിയ അസാധാരണ കഴിവുള്ള വിദ്യാര്‍ഥികള്‍ക്കാണ് ആ വിഭാഗത്തില്‍ വിസ ലഭിക്കുക. ലോകത്തിലെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളില്‍ പഠിച്ച പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം.
യു എ ഇക്കു പുറത്ത് പരമാവധി ആറ് മാസമേ കഴിയാവൂയെന്ന നിയന്ത്രണം ഗോള്‍ഡന്‍ വിസയുടെ കാര്യത്തില്‍ ഇല്ല. വിസ ഉടമകള്‍ക്ക് പ്രായം കണക്കിലെടുക്കാതെ അവരുടെ കുടുംബാംഗങ്ങളെയും ഗാര്‍ഹിക ജീവനക്കാരെയും എണ്ണം പരിമിതപ്പെടുത്താതെ സ്പോണ്സര് ചെയ്യാന്‍ കഴിയും.