ലണ്ടൻ: ഈവർഷം ഇന്ത്യയിൽനിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തിൽ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെറിപ്പോർട്ട്. 2017 ജൂണിന്റെ അവസാനത്തിൽ 29,800 സ്പോൺസേഡ് വിസ അപേക്ഷകൾ ആണ് ഇന്ത്യയിൽനിന്ന് ലഭിച്ചതെന്നും റിപ്പോർട്ട് പറയുന്നു.ബ്രിട്ടൻ വിസ നടപടിക്രമങ്ങൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് ബ്രിട്ടൻ വിസനിയമങ്ങൾ കർശനമാക്കിയത്. 2016 ജൂണിൽ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനക്കുശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇൗ വർഷം ബ്രിട്ടനിെലത്തിയ ഇ.യു പൗരന്മാരുടെ എണ്ണം 81000മായി കുറഞ്ഞെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ സർവേ റിപ്പോർട്ട്. മൂന്നുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബ്രിട്ടൻ വിടുന്ന ഇ.യു പൗരന്മാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. മറ്റുരാജ്യങ്ങളിൽനിന്ന് ബ്രിട്ടനിൽ ഉന്നത പഠനത്തിനെത്തിയവരിൽ 97 ശതമാനവും സ്വന്തം രാജ്യത്തേക്ക് മടങ്ങി. ബ്രിട്ടനിൽ ബിരുദം പൂർത്തിയാക്കിയ ബഹുഭൂരിപക്ഷം ഇന്ത്യൻ വിദ്യാർഥികളും ഉപരി പഠനത്തിനു നിൽക്കാതെ രാജ്യം വിടുന്നതായും റിപോർട്ടുകൾ പറയുന്നു. പഠനം പൂർത്തിയാക്കിയിട്ടും അനധികൃതമായി നിരവധി വിദ്യാർഥികൾ ബ്രിട്ടനിൽതന്നെ തുടരുന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ, ഇത് പൂർണമായും ശരിയല്ലെന്ന് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.
അതിനിടെ, ബ്രെക്സിറ്റ് നടപ്പായാലും വർഷങ്ങളോളം ബ്രിട്ടൻ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിെൻറ അധികാരപരിധിയിൽ തുടരുമെന്ന് വാദഗതികൾ പ്രധാനമന്ത്രി തെരേസ മേയ് തള്ളി. 2019 ഒാടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ബ്രിട്ടൻ കോടതിയുടെ അധികാരപരിധിയിൽനിന്ന് പുറത്തുവരുമെന്ന് അവർ വ്യക്തമാക്കി. യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ നിയമങ്ങൾ അനുസരിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത് ഇൗ കോടതിയാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതും ഇവിടെത്തന്നെ. എന്നാൽ, ബ്രെക്സിറ്റിനായുള്ള പുതിയ മാർഗനിർദേശങ്ങൾ ഇത് അംഗീകരിക്കുന്നില്ല.