ലണ്ടന്‍ : യുകെ മലയാളികളെ മരണം വോട്ടൊഴിയുന്നില്ല. ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ മരണ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. വീട്ടില്‍ സ്റ്റെപ്പില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ഇടവ പാറേല്‍ സ്വദേശി സന്തോഷ് നായരാണ്(46) മരണമടഞ്ഞത്. വീണ് ഗുരുതരമായി പരിക്കേറ്റ സന്തോഷ് നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലേറ്ററുടെ സഹായത്തോടെ ജീവന് നിലനിറുത്തിയിരുന്ന സന്തോഷ് നായരുടെ നില ബുധനാഴ്ച വൈകുന്നേരത്തോടെ കൂടുതല്‍ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.ഭാര്യ സൈലജക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഈസ്റ്റ് ഹാമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മൂത്ത മകന് എ ലെവലിലും രണ്ടാമത്തെ മകന് പതിനൊന്നാം തരത്തിലുമാണ് പഠിക്കുന്നത്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിലാണ് സന്തോഷ് നായര്‍ ജോലി ചെയ്തിരുന്നത്. സാമൂഹിക പ്രവര്‍ത്തകനായ സന്തോഷ് നായരുടെ മരണം സുഹൃത്തുക്കള്‍ക്കും വലിയൊരു ആഘാതമാണ് നല്‍കിയത്. ഈസ്റ്റ് ഹാമിലും പരിസര പ്രദേശങ്ങളിലും സാമൂഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്ന ആളായിരുന്നു സന്തോഷ് നായര്‍.
സന്തോഷിന്റെ അമ്മ സരസ്വതിയമ്മയും സഹോദരന് മനോജ് നായരും ഈസ്റ്റ് ഹാമില്‍ തന്നെയാണ് താമസം. സംസ്കാരത്തെ സംബന്ധിച്ച വിവരങ്ങള്‍ പിന്നീടറിയിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് സിംഗപ്പൂരില്‍ നിന്ന് യുകെയിലേക്കു കുടിയേറിയതാണ് സന്തോഷിന്റെ കുടുംബം.