യുകെയെ ലക്ഷ്യം വച്ച് തീവ്രവാദ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ആംഡ് ഫോഴ്‌സിലെ അംഗങ്ങളോട് ബരാക്‌സിന് പുറത്തും യൂണിഫോമണിയാന്‍ നിര്‍ദേശം. നോര്‍ഫോക്കിലെ ആര്‍എഎഫ് മാര്‍ഹാമിനടുത്ത് ഒരു എയര്‍മാനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണീ നിര്‍ദേശം പുറത്ത് വന്നിരിക്കുന്നത്.തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോകുമെന്ന് ഭയന്ന് നാം യൂണിഫോമണിയാതെ നടന്നാല്‍ അത് അവര്‍ നേടുന്ന വിജയമായിരിക്കുമെന്നാണ് ആംഡ് ഫോഴ്‌സ് മിനിസ്റ്ററായ മൈക്ക് പെന്നിംഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടാതെ ആംഡ് ഫോഴ്‌സുകളെ യൂണിഫോണില്‍ കാണുന്നതിനെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും മുന്‍ ഗ്രെനേഡിയര്‍ ഗാര്‍ഡ്‌സ്മാന്‍ കൂടിയായ പെന്നിംഗ് വെളിപ്പെടുത്തുന്നു.
1970കളില്‍ ഐആര്‍എ ആക്രമണത്തെ തുടര്‍ന്ന് സൈനികരോട് യൂണിഫോമണിയാതെ നടക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആ പിഴവ് ഇനിയും ആവര്‍ത്തിക്കരുതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.ബേസുകള്‍ക്ക് പുറത്ത് ആംഡ് ഫോഴ്‌സുകാര്‍ യൂണിഫോം അണിയുന്ന വിഷയത്തില്‍ ദേശീയവ്യാപകമായ പൊതുനയമൊന്നുമില്ലെന്നതാണ് വാസ്തവം. എന്നാല്‍ ലോക്കല്‍ കമാന്‍ഡര്‍മാര്‍ തങ്ങളുടെ പ്രദേശത്തിന് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജൂലൈ 20ന് നോര്‍ഫോക്കിലെ ആര്‍എഎഫ് മാര്‍ഹാമില്‍ നിന്നും ആംഡ് ഫോഴ്‌സുകാരനെ രണ്ട് ആക്രമികള്‍ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം നടന്നതിനെ തുടര്‍ന്ന് ആംഡ് ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.