“ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ”- പ്രവാസി ലീഗൽ സെൽ

തിരുവനന്തപുരം : “ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ” എന്ന വിഷയം മുഖ്യ പ്രമേയമായി എടുത്തുകൊണ്ട് പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ “പ്രവാസി മീറ്റ്-2025” ജൂൺ 28-ന് തിരുവനന്തപുരം YMCA ഹാളിൽ നടന്നു.
യോഗം തിരുവനന്തപുരം പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് മേജർ ശശാങ്ക് ത്രിവേദി ഉദ്‌ഘാടനം ചെയ്തു. വിദേശങ്ങളിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പ്രവാസിമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി.തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും സബ് ജഡ്ജുമായ എസ് ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവർക്ക് സൗജന്യമായ നിയമസഹായം ഉറപ്പുവരുത്തുന്ന ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. നോർക്കാ റൂട്സും പ്രവാസി ക്ഷേമബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാൻ ലീഗൽ സർവീസ് അതോറിറ്റിക്ക് അവകാശമുണ്ടെന്നും തന്റെ ഓഫീസിനെ പ്രവാസികൾക്ക് എപ്പോൾ വേണമെങ്കിലും പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
പുതിയകാലത്തെ മലയാളി കുടിയേറ്റത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റിയാണ് ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ പ്രശസ്ത കുടിയേറ്റ പഠന വിദഗ്ധനും IIMAD തലവനുമായ പ്രൊഫസ്സർ ഇരുദയരാജൻ പറഞ്ഞത്. കടംവാങ്ങി വിറ്റുപെറുക്കിയ തുകകൊണ്ട് വിദേശത്ത് പോവുകയും വിദേശത്തുനിന്നും കടം വാങ്ങി നാട്ടിലയാക്കുകയും ചെയ്യുന്ന വിഷമവൃത്തമാണ് സമകാലീന മലയാളി കുടിയേറ്റത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം പരിഹസിച്ചു.

ചടങ്ങിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ പ്രസിഡന്റും മുൻ ജില്ലാ ജഡ്ജും കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സനുമായ പി മോഹനദാസ് അധ്യക്ഷത വഹിച്ചു. നിലവിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ സേവനങ്ങളുടെ പരിധിയിൽ നിന്നും 60 വയസ്സിന് താഴെയുള്ള പ്രവാസി പുരുഷന്മാരെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ പോലും അവരുടെ നാട്ടിലുള്ള ബന്ധുക്കളായ സ്ത്രീകൾ വഴി വിഷയങ്ങൾ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടൽ സാധ്യമാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന പാനൽ ചർച്ചയിലും ഓപ്പൺ ഫോറത്തിലും പ്രവാസികൾ തങ്ങളുടെ വിവിധങ്ങളായ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റായ അഡ്വ. ജോസ് ഏബ്രഹാം മോഡറേറ്ററായിരുന്നു. വിശദമായ പഠനങ്ങൾക്കുശേഷം കൃത്യമായ ഉപദേശം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളായ മേജർ ശശാങ്ക് ത്രിവേദി, പി. മോഹനദാസ്, എസ് ഷംനാദ്,എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
സൗദി അറേബ്യയിലെ നാസ്സർ അൽ ഹാജിരി കമ്പനിയിൽ നിന്നും സേവനാനന്തര ആനുകൂല്യങ്ങൾ കൊടുക്കാതെ പുറത്താക്കിയ 140 തൊഴിലാളികളുടെ കാര്യം യോഗത്തിൽ സജീവ ചർച്ചാവിഷയമായിരുന്നു. ഇൻഡ്യയിലെ കോടതികൾ വഴി നിയമപരമായും രാഷ്ട്രീയമായുമുള്ള പരിഹാരത്തിന് പ്രവാസി ലീഗൽ സെൽ ശ്രമിക്കുമെന്ന് അഡ്വ. ജോസ് ഏബ്രഹാം പറഞ്ഞു. ഇതിനുള്ള കർമ്മപരിപാടികൾ ഉടനെ തയ്യാറാക്കും.
സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, സാമൂഹ്യപ്രവർത്തക ഷീബ രാമചന്ദ്രൻ, ബഷീർ പാണ്ടിക്കാട് എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യതികൾക്കുള്ള ഉപഹാരങ്ങൾ പ്രവാസി ലീഗൽ സെൽ ഭരണസമിതി അംഗങ്ങളായ തൽഹത്ത് പൂവച്ചൽ, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, ശ്രീകുമാർ എന്നിവർ യഥാക്രമം മേജർ ശശാങ്ക് ത്രിവേദി, പ്രൊഫ ഇരുദയരാജൻ, എസ് ഷംനാദ്, എം എസ് ഫൈസൽ ഖാന്റെ പ്രതിനിധി രാജേഷ് കുമാർ എന്നിവർക്ക് നൽകി.
ചടങ്ങിൽ പ്രവാസി ലീഗൽ സെല്ലിന്റെ സൗദി ചാപ്റ്റർ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നിർവ്വഹിച്ചു. സൗദി കോ-ഓർഡിനേറ്ററായ പീറ്റർ അബ്രഹാം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പ്രവാസി ലീഗൽ സെല്ലിന്റെ 2009 മുതൽ 2025 വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ബുക്ക് ലെറ്റിന്റെ പ്രകാശനം ഭരണസമിതി അംഗം ജിഹാന്ഗിർ നിർവ്വഹിച്ചു.
കന്യാകുമാരി ജില്ലയിലുള്ള നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റിയുടെ ഉടമസ്ഥതയിലുള്ള Noorul Islam Centre for Higher Education (NICHE) Deemed-to-be University-യിലെ (https://www.niuniv.com/index.php) സയൻസ്, കൊമേഴ്‌സ്, എൻജിനീയറിങ്, ഐ ടി, പാരാമെഡിക്കൽ തുടങ്ങിയ വിവിധ കോഴ്‌സുകളിൽ നിന്നും 5 സീറ്റുകൾ പ്രവാസി ലീഗൽ സെൽ സ്പോൺസർ ചെയ്യുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് അടക്കം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് നിംസ് പ്രതിനിധിയും സീനിയർ മാനേജരുമായ രാജേഷ് കുമാർ പറഞ്ഞു. ഇപ്പോൾ അഡ്മിഷൻ നടന്നുവരുകയാണ്. ഈ വർഷം തന്നെ പ്രവേശനം നൽകും. ഇതിന്റെ നടപടികൾ ഉടനെ പ്രവാസി ലീഗൽ സെല്ലിനെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് പി മോഹനദാസ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ സ്വാഗതവും ട്രെഷറർ തൽഹത്ത് പൂവച്ചൽ നന്ദിയും പറഞ്ഞു. PLC ഇടുക്കി കോ -ഓർഡിനേറ്റർ ആയ ബെന്നി പെരികിലത്ത് അവതാരകനായിരുന്നു.
അനിൽ കുമാർ (അനിൽ അളകാപുരി), ശ്രീകുമാർ, തൽഹത്ത് പൂവച്ചൽ, ബഷീർ ചേർത്തല, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, ഷെരിഫ് കൊട്ടാരക്കര ബഷീർ പാണ്ടിക്കാട്, ജിഹാന്ഗിർ, രാധാകൃഷ്ണൻ തൃശൂർ, നൗഷാദ്, തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.