ലണ്ടന്‍ : സോഷ്യല്‍ മീഡിയയില്‍ സജീവമായ യുകെ മലയാളികള്‍ ജാഗ്രതൈ! നിങ്ങളുടെ വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് അധികൃതര്‍ നിരീക്ഷിക്കും. വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് നിരീക്ഷിക്കുമെന്നു ബ്രിട്ടന്‍ വ്യക്തമാക്കി. ബ്രിട്ടന്റെ സ്വകാര്യവിവര നിയന്ത്രണ സംവിധാനത്തിന്റെ നിരീക്ഷണത്തിന് കീഴിലായിരിക്കും ഈ വിവര കൈമാറ്റം നടക്കുക.
കൈമാറുന്ന വിവരങ്ങളുടെ നിയന്ത്രണത്തെപ്പറ്റിയും അതിന്റെ ദൂരവ്യാപക ഫലങ്ങളെക്കുറിച്ചും ചില ഉപഭോക്താക്കള്‍ക്കുള്ള ആശങ്കയോഴിച്ച് മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍സ് ഓഫീസ് (ഐ സി ഒ) വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യവിവര നിയന്ത്രണ സംവിധാനത്തിന്റെ നിരീക്ഷണത്തിന് കീഴിലായിരിക്കും ഈ വിവര കൈമാറ്റമെന്നും ഐ സി ഒ അറിയിച്ചു.
ഈ നീക്കം തടയാന്‍ നിയമപരമായി ഐസിഒയ്ക്ക് ആവില്ല. സ്വകാര്യവിവരങ്ങളുടെ സംരക്ഷണനയം പാലിക്കുക എന്നതിലുപരി ഇങ്ങനെയുള്ള കമ്പനികള്‍ക്ക് അവരുടെ പോളിസികള്‍ മാറ്റുന്നതിന് തങ്ങളുടെ ആവശ്യം ഇല്ലെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം പറഞ്ഞു.
വാട്ട്‌സ്ആപ്പിന് നിലവില്‍ 100 കോടി ഉപഭോക്താക്കള്‍ ഉണ്ട്. പുതിയ പ്രൈവസി പോളിസി പ്രകാരം ഇത്രയും ഉപഭോക്താക്കളുടെ ഫോണ്‍ നമ്പരുകള്‍ ഫേസ്ബുക്കിനു കൈമാറാനാണ് വാട്ട്‌സ്ആപ്പ് നീങ്ങുന്നത്.
സോഷ്യല്‍ മീഡിയ പരസ്യങ്ങളും സൗഹൃദ നിര്‍ദേശങ്ങളും കൂടുതല്‍ കാര്യക്ഷമവും വ്യക്ത്യാധിഷ്ടിതവുമായി ഉപഭോക്താക്കളില്‍ എത്തിക്കാനാവും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന ഗുണമെന്നും കഴിഞ്ഞ വ്യാഴാഴ്ച വാട്ട്‌സ്ആപ്പ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. വാട്ട്‌സ്ആപ്പിലുള്ള വ്യക്തിപരമായ വിവരങ്ങള്‍ ഫേസ്‌ബുക്ക് പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും എന്നാണു റിപ്പോര്‍ട്ട്.
എന്നാല്‍ ഇതിന്റെ വാസ്തവം ബോധ്യപ്പെട്ട നാട്ടിലെ ആളുകള്‍ ഭൂരിഭാഗവും ഡാറ്റാ ഷെയറിങ് കാന്‍സല്‍ ചെയ്തു കഴിഞ്ഞു.
ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും വിവരങ്ങള്‍ കൈമാറുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ആശങ്കയുണ്ട്.