യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഒരുക്കങ്ങൾ പൂർത്തിയായി -ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ പങ്കെടുക്കും

മനാമ :”ആരോഗ്യത്തോടെ ജീവിക്കുക” എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ അദാരി  പാർക്കിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബഹ്റൈൻ പ്രവാസി സംഘടനാ ചരിത്രത്തിൽ ഇദംപ്രഥമമായാണ് ഇത്തരത്തിൽ വിപുലമായ മെഡിക്കൽ ഫെയർ സംഘടിപ്പിക്കുന്നത്.വിവിധ സ്പെഷ്യാലിറ്റികളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ പരിശോധന, മെഡിക്കൽ എക്സിബിഷൻ, ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗ്, ബദൽ മെഡിക്കൽ സംവിധാനങ്ങളുടെ പ്രദർശനവും സേവനവും തുടങ്ങിയ വിപുലമായ  പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടാണ് മെഡിക്കൽ ഫെയർ സംവിധാനിചിരിക്കുന്നത്.യുത്ത് ഇന്ത്യ 2015 ഇൽ സംഘടിപ്പിച്ച പരിപാടിയുടെ സെക്കൻഡ് എഡിഷനാണ് ഇപ്പോൾ നടത്തുന്നത്.5000ഇൽ പരംആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രികളും, ഫാർമസികളും, സമാന്തര വൈദ്യശാസ്ത്ര സ്ഥാപനങ്ങളും, മറ്റിതര ആരോഗ്യ സ്ഥാപനങ്ങളും ഒരുമിച്ചു ഒരേ വേദിയിൽ സൗജന്യ സേവനങ്ങൾ നൽകുന്നു എന്നതാണ് മെഡിക്കൽ ഫെയറിന്റെ ഏറ്റവും വലിയ പ്രത്യേകത.
രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് വരെയാണ് മെഡിക്കൽ ഫെയറിൽ സേവനങ്ങൾ ലഭ്യമാവുക. രാവിലെയുള്ള സെഷനിൽ വിവിധ ലേബർ കേമ്പുകളിലും സ്ഥാപനങ്ങളിലുമുള്ളവർക്കും ഉച്ചക്ക് ശേഷമുള്ള സെഷനിൽ കുടുംബങ്ങൾക്കുള്ള പ്രത്യേക സെഷനുകളും പ്രവർത്തിക്കും. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്ക് കേമ്പിൽ മുൻഗണന ലഭിക്കും. അന്നേ ദിവസം സ്പോട്ട് രെജിസ്ട്രേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്.
പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രവാസികൾ പലപ്പോഴും തങ്ങളുടെ ആരോഗ്യത്തിനു വേണ്ടത്ര പരിഗണന കൊടുക്കാറില്ല. ഈ നിലപാട് പലപ്പോഴും വലിയ ദുരന്തത്തിലേക്ക് വഴിതുറക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു മെഡിക്കൽ ഫെയറുമായി യൂത്ത് ഇന്ത്യ വീണ്ടും മുന്നോട്ട് വന്നതെന്ന് പ്രസിഡന്റ് അനീസ് വി.കെ. പറഞ്ഞു. ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് മെഡിക്കൽ ഫെയർ വലിയ ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ. ബഹ്റൈനിലുള്ള ആശുപത്രികളുടെയും മറ്റു സ്ഥാനപങ്ങളുടെയും ഭാഗത്ത് നിന്ന് ഏറെ സന്തോഷകരമായ പ്രതികരണവും സഹകരണവുമാണ് ഇതിനകം മെഡിക്കൽ ഫെയറിന് ലഭിക്കുന്നത്.
നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും പെട്ടെന്നുണ്ടാവുന്ന അപകടങ്ങളിൽ പാലിക്കേണ്ടതുമായ ഫസ്റ്റ് എയിഡ് കാര്യങ്ങളെ കുറിച്ചുള്ള പരിശീലനങ്ങളും, സി.പി. ആർ  പരിശീലനവും ഫെയറിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച വിപുലമായ സംഘാടക സമിതിയാണ് ഏകോപനം നിർവഹിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ യൂത്ത് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ ന ദ് വി, പ്രസിഡൻ്റ് അനീസ് വി. കെ, മെഡിക്കൽ ഫെയർ രക്ഷാധികാരികളായ ഡോ.പി.വി. ചെറിയാൻ,മെഡ്‌കെയർ ചെയർമാൻ മജീദ് തണൽ, , ജനറൽ കൺവീനർ ജുനൈദ് വി. പി, വിഭവ സമാഹരണം കൺവീനർ സിറാജ് കിഴുപ്പിള്ളിക്കര,രജിസ്ട്രേഷൻ കൺവീനർ മുഹമ്മദ് ജൈസൽ, മെഡിക്കൽ കൺവീനർ അജ്മൽ ഷറഫുദ്ദീൻ, എക്സിബിഷൻ കൺവീനർ സാജിർ,ഗസ്റ്റ് മാനേജ്‍മെന്റ്  കൺവീനർ മിന്ഹാജ് മെഹ്ബൂബ് ,ഹെൽത്ത് ടോക്ക് കൺവീനർ അൽത്താഫ് ,മെഡിക്കൽ ഫെയർ 2.0 പാർട്ണർ RIFE USA സി ഇ ഒ മുഹമ്മദ് യൂസിഫ് ഖാൻ,  സ്പീച് തെറാപ്പിസ്റ്റ് ജിഷ എന്നിവർ പങ്കെടുത്തു.