“എൻ ശ്രീമുകുന്ദൻ ധീരനായ പോലീസ് ഉദ്യോഗസ്ഥൻ” എംജിഎ രാമൻ ഐപിഎസ് (റിട്ടേർഡ് ഡിജിപി ) ഓർക്കുന്നു……

എംജിഎ രാമൻ ഐപിഎസ്
റിട്ടേർഡ് ഡിജിപി

“കേരള പോലീസിൽ എനിക്ക് ഏറ്റവും വിശ്വാസവും  പ്രിയപ്പെട്ടതുമായഉദ്യോഗസ്ഥനായിരുന്നു ശ്രീമുകുന്ദൻ. എന്നോടും മുകുന്ദന് വലിയ സ്നേഹമായിരുന്നു. മുകുന്ദന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽസത്യസന്ധതയും ധീരതയുമാണ്. 1980കാലഘട്ടത്തിൽ ഞാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോൾ ആണ് പൂന്തുറ കലാപം ഉണ്ടായത്. ആ സമയത്ത് മുകുന്ദൻ പൂന്തുറ

എൻ ശ്രീമുകുന്ദൻ

സർക്കിൾ ഇൻസ്പെക്ടർ ആണ്. കലാപം നിയന്ത്രിക്കുന്നതിൽ മുകുന്ദൻ പ്രകടമാക്കിയത് അസാമാന്യമായ ചങ്കൂറ്റമാണ്. തീരദേശ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മുകുന്ദനോട് വലിയ ഭയഭക്തി ബഹുമാനം ഉള്ള ആൾക്കാരായിരുന്നു. ഇത് വെളിവാക്കുന്ന ഒരു സംഭവം അവിടെ ഉണ്ടായി. കമ്മീഷണർ ആയിരുന്ന ഞാൻ വന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ കൊടുത്തപ്പോൾ ഞങ്ങളുടെ ഏമാൻ മുകുന്ദൻ സാറാണ് അദ്ദേഹം പറഞ്ഞാൽ

മാത്രമേ ഞങ്ങൾ അനുസരിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി. ഈ സംഭവം ഞാനും മുകുന്ദനും പിന്നീട് പരസ്പരം പറഞ്ഞ് ചിരിക്കുമായിരുന്നു. ക്രമസമാധാന പാലനത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടായാൽ, അത് കൈകാര്യം ചെയ്യാൻ മുകുന്ദനെ ആണ് അന്ന് ഏൽപ്പിച്ചിരുന്നത്.

(എൻ ശ്രീമുകുന്ദൻ സ്വാതന്ത്ര്യ ദിനപരേഡ് നയിക്കുന്നു 1990 കാലഘട്ടത്തിൽ)

അതുപോലെതന്നെ മറ്റൊരു അവസരത്തിൽ മുകുന്ദനെതിരെ ഒരു പരാതി വന്നു. പരാതിക്കാരന്റെ പേരും മേൽവിലാസവും ഇല്ല. പരാതിയിൽ പറഞ്ഞിരിക്കുന്നത് മുകുന്ദൻ ഔദ്യോഗിക വാഹനം വർക്കലയിലെ സ്വന്തം വീട്ടിലേക്കും കൊല്ലത്ത് ഭാര്യ വീട്ടിലേക്കും പോകുമ്പോഴും ഉപയോഗിക്കുന്നു എന്നതാണ്. ഇത് ഞാൻ മുകുന്ദനെ ധരിപ്പിച്ചു, എന്നാൽ മുകുന്ദൻ എന്നോട് പറഞ്ഞത് പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യം ശരിയാണ് എന്നാണ്. അതിൻറെ കാരണവും മുകുന്ദൻ തന്നെ പറഞ്ഞു. വീട്ടിലേക്കും ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ തിരുവനന്തപുരം സിറ്റിയിൽ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ മുകുന്ദനെ വിളിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു, അങ്ങനെ വിളിപ്പിക്കുമ്പോൾ എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് എത്താൻ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കുന്നതാണ് നല്ലത്, കാരണം പ്രൈവറ്റ് കാറിൽ അതിവേഗതയിൽ വന്ന് ഹോൺ അടിക്കുന്നത് പൊതുജനങ്ങൾക്ക് അരോചകമായി തോന്നാൻ സാധ്യതയുണ്ട് എന്നാൽ പോലീസ് വാഹനത്തിൽ വന്നാൽ ഈ പ്രശ്നം ഉണ്ടാവുകയില്ല എന്ന് മുകുന്ദൻ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്റെ കുറ്റം കണ്ടുപിടിക്കുക എന്നുള്ളതാണ് പൊതുജനങ്ങൾക്ക് താല്പര്യം എന്നാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഊണും ഉറക്കവും കളഞ്ഞ് കുടുംബം പോലും നോക്കാതെ സമൂഹത്തിനു വേണ്ടി സേവനം ചെയ്യുന്നത് കാണാൻ അവർക്ക് കണ്ണില്ല എന്നും മുകുന്ദൻ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ എൻറെ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിളിച്ച് ആ പരാതി വലിച്ച് കീറി കളയിപ്പിച്ചു. മുകുന്ദൻ അന്ന് പറഞ്ഞത് ഇന്നും നമ്മുടെ സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്നതായി ആണ് എനിക്ക് തോന്നുന്നത്. അതുപോലെതന്നെ തിരുവനന്തപുരം ചാല കമ്പോളത്തിൽ കമ്മ്യൂണിസ്റ്റുകാരും ആർഎസ്എസുകാരും തമ്മിൽ സംഘർഷം ഉണ്ടായപ്പോഴും ആയത് നിയന്ത്രണവിധേയമാക്കുന്നതിൽ മുകുന്ദൻ സുപ്രധാനമായ പങ്കാണ് വഹിച്ചിരുന്നത്. കേരള പോലീസിൽ എൻറെ സീനിയർ ഐപിഎസ് ഓഫീസർ ആയിരുന്ന ശ്രീ വിശ്വനാഥപിള്ള സർ 1980 ഒരു കാർ അപകടത്തിൽ മരിക്കുകയുണ്ടായി. അദ്ദേഹവും ഭാര്യയും ഒരു കുഞ്ഞും മരണപ്പെട്ടു. അദ്ദേഹത്തിൻറെ ഒരു മകൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിനോദ് പിള്ള മാത്രമാണ് രക്ഷപ്പെട്ടത്, ഈ കുട്ടിയെ സാറിൻറെ കുടുംബവീട്ടിൽ തന്നെ നിർത്തി പഠിപ്പിക്കണം എന്ന് അന്നത്തെ ഹോം സെക്രട്ടറി ഉൾപ്പെടെയുള്ളവർ എന്നെ വിളിച്ചു പറയുകയുണ്ടായി, ഞാൻ വിവരം മുകുന്ദനെ അറിയിച്ചു ഏതാണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ ആവശ്യമായ ചില നിയമ നടപടികൾ പൂർത്തിയാക്കി മുകുന്ദൻ, കുട്ടിയെ വിശ്വനാഥ പിള്ള സാറിൻറെ കുടുംബവീട്ടിൽ എത്തിച്ചു. ഇന്ന് ശ്രീവിനോദ് പിള്ള കേരള പോലീസിൽ അഡീഷണൽ എസ് പി ആയി ജോലി നോക്കുന്നു. ഇതിൽ നിന്ന് വെളിവാകുന്നത് മുകുന്ദനെ എന്ത് കാര്യം ഏൽപ്പിച്ചാലും, കൃത്യമായി പൂർത്തീകരിക്കും എന്നുള്ളതാണ്. കോൺഗ്രസ് നേതാവും കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ കെ കരുണാകരൻ സാറിന് മുകുന്ദനോട് നോട് വലിയ ഇഷ്ടമായിരുന്നു. അതുപോലെതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഈ .കെ നായനാർ സാറിനും മുകുന്ദനോട് വലിയ താല്പര്യമായിരുന്നു. മുതിർന്ന ആർഎസ്എസ്/ബിജെപി നേതാവായിരുന്ന ശ്രീ പി പരമേശ്വരൻ (പരമേശ്വരൻ ജിക്കും) മുകുന്ദനോട് വലിയ താല്പര്യമായിരുന്നു. ഇതെല്ലാം കാണിക്കുന്നത് മുകുന്ദന് സമൂഹത്തിൽ ഉണ്ടായിരുന്ന അംഗീകാരത്തിനെയാണ്.

(എൻ ശ്രീ മുകുന്ദനും ഋഷിരാജ് സിംഗും 1993 കാലഘട്ടത്തിൽ)

മുകുന്ദൻറെ മകൻ നിയമ ബിരുദധാരിയായ ശ്രീ അശ്വന്ത് മുകുന്ദൻ കേരള പോലീസ് ഹെഡ് കോർട്ടേഴ്സിൽ ക്ലാർക്ക് ആയിജോലി നോക്കുന്നു. മുകുന്ദനോടൊപ്പം ജോലി ചെയ്തിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരുമായും അശ്വന്ത് മുകുന്ദൻ ഇന്ന് ബന്ധം നിലനിർത്തുന്നു. മേൽ വിവരിച്ച വിനോദ് പിള്ളയുമായും അടുത്ത ബന്ധം പുലർത്തുന്നു. ശ്രീമുകുന്ദന്റെ സ്മരണാർത്ഥം ‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ എന്ന പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തി അശ്വന്ത് മുകുന്ദൻ നൽകിവരുന്നു. കേരള പോലീസിൽ, പോലീസ് ആക്ഷൻ ചെയ്യുന്നതിനിടയിൽ പരു കേൾക്കുകയോ മരണപ്പെടുകയോ ചെയ്യുന്നവർക്കാണ് ഈ അവാർഡ് നൽകിവരുന്നത്. ക്ലറിക്കൽ പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി എക്സിക്യൂട്ടീവ് പോസ്റ്റിൽ ഉള്ളവർക്ക് ഇങ്ങനെ ഒരു അവാർഡ് നൽകുന്നത് തന്നെ കേരളത്തിലും ഇന്ത്യയിലും ഒരു ആദ്യത്തെ സംഭവമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അശ്വന്ത് മുകുന്ദൻ ഇപ്പോൾ സബ് ഇൻസ്പെക്ടർ സെലക്ഷനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നവംബർ 6 2023ന് ശ്രീമുകുന്ദന്റെ 26 ആം ചരമവാർഷികം ആയിരുന്നു. മുകുന്ദൻറെ മരണത്തോടുകൂടി കേരള പോലീസിൽ ഒരു യുഗം തന്നെയാണ് അവസാനിച്ചത്.