
മനാമ: അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, നയിം ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിന് തുടക്കമായി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് “അൽ ഹുസൈൻ മലത്” എന്ന പ്രമേയത്തിൽ മനാമ സെൻട്രലിലെ അൽ ഹിലാൽ ആശുപത്രിയിൽ തുടർച്ചയായ മൂന്നാം വർഷവും ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.രക്തദാനത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും സമൂഹത്തിൽ സേവന മനോഭാവവും ഐക്യവും പരോപകാര മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പയിനിൽ മുഹറം 8-ാം തീയതി വനിതകൾക്കും മുഹറം 9-ാം തീയതി പുരുഷന്മാർക്കുമാണ് രക്തദാനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെയും സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും ഏകോപനത്തോടെയാണ് സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പയിൻ നടത്തുന്നത്.ആരോഗ്യ സേവന വിഭാഗം ആക്ടിംഗ് ചീഫ് ഡോ. രാജ അൽ നുഐമി, ക്യാമ്പയിൻ ചെയർമാൻ ഡോ. ഫാദിൽ അൽ നഷീത്, വനിതാ കമ്മിറ്റി മേധാവി സഹ്‌റ സൽമാൻ ഈസ, ഡോ. നാദർ അവാദ് എന്നിവരടക്കം നിരവധി മെഡിക്കൽ, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ രക്തശേഖരം ശക്തിപ്പെടുത്തുന്നതിലും രക്തദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിലും ക്യാമ്പയിൻ വഹിക്കുന്ന പങ്ക് അവർ പ്രശംസിച്ചു.അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു: “തുടർച്ചയായ മൂന്നാം വർഷവും ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ജീവൻ രക്ഷിക്കുന്ന ആരോഗ്യ സംരംഭങ്ങൾക്ക് പിന്തുണ നൽകുകയും സമൂഹത്തിൽ ദാനത്തിന്റെയും സേവനത്തിന്റെയും സംസ്കാരം വളർത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ബഹ്റൈനിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ മാനുഷിക ദൗത്യത്തിന്റെ ഭാഗമാണ് ഈ സംരംഭം.”അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് (ബിസിനസ് ആൻഡ് സ്ട്രാറ്റജി) ആസിഫ് മുഹമ്മദ് പറഞ്ഞു: “സാമൂഹിക സംഘടനകളും ആരോഗ്യ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ മികച്ച മാതൃകയാണ് ഈ ക്യാമ്പയിൻ. ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്ന ഇത്തരം മാനുഷിക സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.”ക്യാമ്പയിൻ വിജയകരമാക്കുന്നതിനായി മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങൾ പൂർണസജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാ ദാതാക്കൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ രക്തദാന അനുഭവം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.വർഷം മുഴുവൻ നടപ്പാക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഈ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ പൊതുജനാരോഗ്യവും സമൂഹക്ഷേമവും മെച്ചപ്പെടുത്തുന്ന ആരോഗ്യ-മാനുഷിക പദ്ധതികൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് ഗ്രൂപ്പ് അറിയിച്ചു.









