ഐ.സി.ആർ.എഫ് ബഹ്റൈന്റെ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ വേനൽക്കാല ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐ.സി.ആർ.എഫ് ബഹ്റൈന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ ന് തുടക്കമായി. 2026 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന തൊഴിലാളികളുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ വേനൽക്കാല സംരംഭത്തോടനുബന്ധിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഭാഗമായി രാജ്യത്തെ വിവിധ തൊഴിൽ കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്യും. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ പിന്തുണയോടെയാണ് ഈ വർഷത്തെ ക്യാമ്പയിൻ നടക്കുന്നത്.ജൂൺ 20-ന് സല്ലാഖിലെ സെബാർക്കോ വർക്ക്‌സൈറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഏകദേശം 500 തൊഴിലാളികൾ പങ്കെടുത്തു.ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ സ്വാഗതം ആശംസിച്ചു. തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്കുപ്പേഷണൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, എൽ.എം.ആർ.എ പാർട്ണർഷിപ്പ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, സെബാർക്കോ ഫിനാൻസ് ഡയറക്ടർ ജോസ് പെഡിയക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി തൊഴിൽ മന്ത്രാലയവും എൽ.എം.ആർ.എയും നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ വേനൽക്കാലത്ത് തൊഴിലാളികൾ പാലിക്കേണ്ട ആരോഗ്യ-സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് സംസാരിച്ചു.വേനൽക്കാലത്ത് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ബോധവൽക്കരണമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. 2016-ൽ ആരംഭിച്ച ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ പരിപാടിയുടെ തുടർച്ചയായ 11-ാമത് പതിപ്പാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. വേനൽക്കാലം മുഴുവൻ വിവിധ തൊഴിൽ കേന്ദ്രങ്ങളിൽ ആഴ്ചതോറും സന്ദർശനം നടത്തി ബോധവൽക്കരണവും സഹായ പ്രവർത്തനങ്ങളും നടത്തും.ചെമ്പൻ ജലാൽ, റൂചി ചക്രബർത്തി എന്നിവർ ഈ വർഷത്തെ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മുൻ വർഷങ്ങളിലേതുപോലെ ബോഹ്റ സമൂഹവും നിരവധി സന്നദ്ധ പ്രവർത്തകരും ക്യാമ്പയിന് ശക്തമായ പിന്തുണ നൽകുന്നുണ്ട്.