കുവൈറ്റ് സിറ്റി : പൊതുമാപ്പ് രജിസ്ട്രേഷന് എല്ലാ രാജ്യക്കാരെയും ഞായറാഴ്ച മുതൽ സ്വീകരിക്കും. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളായ ഫിലിപ്പീൻസ്, ഇൗജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ രജിസ്ട്രേഷനാണ് ഏപ്രിൽ ഒന്നുമുതൽ 20 വരെ നടന്നത്. ഒാരോ രാജ്യത്തിനും അഞ്ചുദിവസമാണ് അനുവദിച്ചത്. 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്നായിരുന്നു അറിയിപ്പ്. എന്നാൽ, ഇതുവരെ രജിസ്റ്റർ ചെയ്യാത്ത നേരത്തേ പറഞ്ഞ രാജ്യക്കാർക്കും ഇൗ ഘട്ടത്തിൽ രജിസ്റ്റർ ചെയ്യാം.പുരുഷന്മാർക്ക് ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുസന്ന ബോയ്സ് സ്കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്കൂൾ എന്നീ നാല് സെന്ററുകളിലാണ് രജിസ്ട്രേഷൻ . രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തനസമയം. പൊതുമാപ്പിൽ നാട്ടിൽ പോകുന്നവരുടെ യാത്രാചെലവ് കുവൈത്താണ് വഹിക്കുന്നത്. പുതിയ വിസയിൽ നിയമാനുസൃതം വീണ്ടും കുവൈത്തിലേക്ക് വരാൻ അനുമതിയും നൽകുന്നുണ്ട് .