കു​വൈത്തിൽ പൊതുമാപ്പ്​ നാളെ അവസാനിക്കും ; രെജിസ്റ്റർ ചെയ്യാൻ പറ്റാത്തവർ നിരവധി

കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുമാപ്പ്​ രജിസ്​ട്രേഷന്​ നിശ്ചയിച്ച കാലപരിധി വ്യാഴാഴ്​ച അവസാനിക്കും. രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക്​ അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന്​ സൂചനയുണ്ട്​. വിവിധ രാജ്യങ്ങളുടെ എംബസികൾ തീയതി നീട്ടണമെന്ന്​ കുവൈത്ത്​ അധികൃതരോട്​ ആവശ്യപ്പെട്ടിട്ടുമുണ്ട്​. ഒരുലക്ഷത്തിലേറെ അനധികൃത താമസക്കാരാണ്​ കുവൈത്തിലുള്ളത്​. ഇതിൽ 22000ത്തോളം പേർ മാത്രമേ ഇതുവരെ പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തിട്ടുള്ളൂ. അവസാന രണ്ടുദിവസം കൊണ്ട്​ ആറായിരത്തോളം പേർക്ക്​ കൂടിയേ പരമാവധി സാധ്യമാവൂ. രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തന സമയം എന്നാണ്​ അറിയിപ്പെങ്കിലും കർഫ്യൂ കാരണം ഉച്ചക്ക്​ ഒരുമണിക്കു മുമ്പ്​ നടപടികൾ അവസാനിപ്പിക്കുന്നുണ്ട്​. പാസ്​പോർട്ട്​ കൈവശമുള്ള 5000ത്തോളം ഇന്ത്യക്കാർ രജിസ്​റ്റർ ചെയ്​തുകഴിഞ്ഞു. ​പാസ്​പോർട്ട്​ ഇല്ലാത്ത 7000ത്തിന്​ മുകളിൽ ഇന്ത്യക്കാർ രജിസ്​ട്രേഷൻ പൂർത്തിയാക്കാനുണ്ട്​. ഇവർക്ക്​ ഇന്ത്യൻ എംബസിയുടെ ഒൗട്ട്​പാസ്​ വിതരണം പുരോഗമിക്കുന്നു. ഇപ്പോൾ എല്ലാ രാജ്യക്കാർക്കും ഒരുമിച്ചാണ്​ രജിസ്​ട്രേഷൻ. മുൻപ് ഫിലിപ്പീൻസ്​, ഇന്ത്യ, ഇൗജിപ്​ത്​, ബംഗ്ലാദേശ്​ എന്നീ രാജ്യക്കാർക്ക്​ ഏപ്രിൽ ഒന്നുമുതൽ അഞ്ചുദിവസം വീതം അനുവദിച്ചിരുന്നു. ഇൗ രാജ്യങ്ങളിലെ അന്ന്​ രജിസ്​റ്റർ ചെയ്യാത്തവർക്കും ഇൗ ഘട്ടത്തിൽ അവസരമുണ്ട്​.