ഒമാനിൽ വന്ദേഭാരത് കോവിഡ്​ സർട്ടിഫിക്കറ്റ്​ വേണ്ട, ചാർട്ടർഡിൽ വേണം

മസ്​കറ്റ്: ഒമാനിൽ നിന്ന്​ കേരളത്തിലേക്ക്​ ചാർ​ട്ടേർഡ് ​വിമാനങ്ങളിൽ പോകുന്നവർക്കും കോവിഡ്​ പരിശോധന നിർബന്ധമാക്കി.ഈ മാസം 20 മുതലാണ്​ നിബന്ധന പ്രാബല്ല്യത്തിൽ വരുക. കേരള സർക്കാരി​​ന്റെ ആവശ്യം പരിഗണിച്ചാണ്​ പരിശോധന നിർബന്ധമാക്കിയതെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കേരള സർക്കാർ ഇത്​ സംബന്ധിച്ച്​ കത്ത്​ നൽകിയിട്ടുണ്ട്​. അതേസമയം വന്ദേഭാരത്​ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്​ ഈ നിബന്ധന ബാധകമായിരിക്കില്ല. യാത്രക്കാർക്ക്​ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താം. ചാർട്ടേർഡ് ​വിമാന സർവീസുകൾ നടത്തുന്ന സാമൂഹിക സംഘടനകളും മറ്റും യാത്രക്കാർക്ക്​ ഇത്​ സംബന്ധിച്ച് നിർദേശങ്ങൾ നൽകാവുന്നതാണ്​.
അടുത്ത ശനിയാഴ്​ച മുതൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉള്ളവർക്ക്​ മാത്രമായിരിക്കും യാത്രാനുമതി നൽകുകയെന്നും എംബസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.