ബഹ്റൈൻ : ആദ്യ ബഹ്റൈൻ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു .ഇതോടെ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ.
വ്യാഴാഴ്ച വൈകുന്നേരം ബഹ്റൈനിൽ എത്തിച്ചേരുന്ന മാർപാപ്പ നവംബർ ആറുവരെ വരെ ബഹ്റൈൻ സന്ദർശനം നടത്തും.
നവംബർ നാലിന് സംഘടിപ്പിക്കുന്ന മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും സംയുക്ത അധ്യക്ഷത വഹിക്കും. ‘മാനവിക സൗഹൃദത്തിന് കിഴക്കും പടിഞ്ഞാറും’ എന്ന പ്രമേയത്തിൽ പ്രത്യേക കോൺഫറൻസ് ആണ് മാർപാപ്പയുടെ സന്ദർശനത്തിലെ മുഖ്യ പരിപാടി.2013 ൽ ചുമതല ഏറ്റശേഷം 57 ലോകരാജ്യങ്ങൾ മാർപാപ്പ സന്ദർശിച്ചുകഴിഞ്ഞു.അറബ് മേഖലയിലെ ഏറ്റവും വലിയ ദേവാലയത്തിൽ പ്രത്യേക കുർബാനയും അദ്ദേഹം നടത്തും.
ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ ആൽ ഖലീഫയുടെ പ്രത്യേക ക്ഷണപ്രകാരം ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തെ മന്ത്രിസഭ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു . ഒരുമയുടെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം എപ്പോഴും ഉയർത്തിപിടിക്കുന്ന ബഹ്റൈനിൽ മാർപാപ്പായുടെ സന്ദർശനം കൂടുതൽ ശ്രദ്ധ നേടുകയാണ്