ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അല്‍ ഹജര്‍ പര്‍വതങ്ങളിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായാൽ താഴ്ന്ന ഭാഗങ്ങളിലേക്ക് വെള്ളം എത്താനും ജനവാസ കേന്ദ്രങ്ങളിലടക്കം വെള്ളം കയറാനുമുള്ള സാധ്യതകൾ നിലവിലുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇത് കാരണമാകും.രാജ്യത്ത് ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ ഏര്‍ളി വാണിങ് ഓഫ് മള്‍ട്ടിപ്പ്ള്‍ ഹസാര്‍ഡിന്റെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. ഇന്നുമുതൽ ഒക്ടോബര്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളിലാണ് ഇടിമിന്നലോടു കൂടിയ കനത്ത മഴ സാധ്യത.