ബഹ്റൈൻ:അഞ്ചുവർഷത്തിലധികമായി ട്രാവൽ ബാനിൽപ്പെട്ട് നാട്ടിലേക്ക് പോകാൻ കഴിയാത്ത ഒരു പ്രവാസിക്ക് കൂടി പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്താൽ നാട്ടിലേക്ക് പോകുവാൻ സാധിച്ചു. മലയാളിയായ സുനിൽകുമാറിനാണ് നാട്ടിലേക്ക് തിരികെ പോകുവാൻ സാധിച്ചത്. പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ പി ആർ ഒ യും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീ സുധീർ തിരുനിലത്താണ് ഇതിനായി വഴിയൊരുക്കിയത്. ഹോപ്പ് ബഹറിനിന്റെ ഭാരവാഹികൾ ശ്രീ സുനിൽകുമാറിന് ഒരു യാത്ര കിറ്റും സമ്മാനിച്ചു. ഒക്ടോബർ 24 ആം തീയതി എല്ലാ നിയമപരമായ കാര്യങ്ങളും തീർത്ത് സുനിൽകുമാർ തിരുവനന്തപുരത്തേക്ക് യാത്രയായി. അദ്ദേഹത്തെ യാത്രയാക്കുവാൻ സുധീർ തിരുനിലത്തിനോടൊപ്പം ഫൈസൽ പട്ടാണ്ടി, റോണി ഡോമനിക്ക് എന്നിവരും എയർപോർട്ടിൽ എത്തിയിരുന്നു. തന്റെ യാത്ര സാധ്യമാക്കിയ പ്രവാസി ലീഗൽ സെല്ലിനും ബഹറിൻ എമിഗ്രേഷൻ അധികൃതർക്കും ശ്രീ സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.