സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നവംബര്‍ രണ്ട് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. നവംബര്‍ രണ്ട് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ജസാന്‍ മേഖലയുടെ പല ഭാഗങ്ങളിലും ജിദ്ദ മേഖലയിലും ബുധനാഴ്ച കനത്ത മഴ അനുഭവപ്പെട്ടു.
മഴ ശക്തമായ ജിദ്ദ മേഖലകളില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ നിര്‍ത്തിവച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ പബ്ലിക് സ്‌കൂളുകളിലാണ് വ്യക്തിഗത ക്ലാസുകള്‍ നിര്‍ത്തിവെച്ചത്. മഴ മുന്നറിയിപ്പുകളുടെ സാഹചര്യത്തല്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ക്ക് ഇന്ന് വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച മഴ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ജിദ്ദ ഗവര്‍ണറേറ്റിലെ വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വിദ്യാർഥികള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മദ്രസത്തീ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്നും ഈ നിര്‍ദ്ദേശം സ്‌കൂള്‍ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബാധകമാകുമെന്നും വകുപ്പ് അറിയിച്ചു.ജിദ്ദ നഗരം ഉള്‍പ്പെടെ മക്ക, മദീന മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കി.