

മനാമ : ബഹ്‌റൈനിൽ വിദേശ തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി താമസ നിയമവുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തി , സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള കാലയളവിൽ എല്ലാ ഗവർണറേറ്റുകളിലെയും വിവിധ സ്ഥാപനങ്ങളിൽ 1,236 പരിശോധനാകൾ നടത്തിയതായും വിവിധ ഗവർണറേറ്റിൽ 24 സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ നടത്തിയതായും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. പൗരത്വം, പാസ്‌പോർട്ടുകൾ, താമസസ്ഥലം, പ്രവിശ്യകളിലെ സുരക്ഷാ വകുപ്പുകൾ, ജനറൽ സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി , ആഭ്യന്തരം തുടങ്ങി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത് . പരിശോധനയിൽ താമസ രേഖകൾ ഇല്ലാത്ത 20 പ്രവാസികളെ പിടി കൂടിയതായും 119 പേരെ നാട് കടത്തിയതായും എൽ എം ആർ എ അധികൃതർ അറിയിച്ചു .
ബഹ്‌റൈൻ രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയെയും അതിന്റെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ രീതികളോ പരിഹരിക്കുന്നതിനും സർക്കാർ ഏജൻസികളുമായി സംയുക്ത ഏകോപനം തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.സമൂഹത്തിലെ തൊഴിൽ വിപണിയിലെ നിയമവിരുദ്ധമായ രീതികളെയും ക്രമരഹിതമായ തൊഴിലാളികളെയും കണ്ടെത്തുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകി .







