സ്റ്റാർ വിഷന്റെ ബാനറിൽ മസ്‌കത്ത് കലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന ‘മസ്കത്ത് കലോ ത്സവം 2025’ നവംബർ 26, 27, 28 തീയതികളിൽ സീബ് റമീ ഡ്രീം റിസോർട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെ യും കലാ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുയാണ് മസ്കത്ത് കലാ സാംസ്‌കാരിക വേദിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.35ലധികം കലാമത്സരങ്ങൾ ഒരേ സമയം തന്നെ മൂന്ന് വേദികളിൽ ആയി അരങ്ങേറും. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോ ലെ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതരത്തിലാണ് മസ്കത്ത് കലോത്സവം ഒരുങ്ങുന്നത്. ഇന്ത്യയിലെ വിവിധ കലോത്സവ വേദികളിൽ പരിചയ സമ്പന്നരായ പാനലാണ് വിധി നിർണയിക്കുക.കേരളത്തിലെ കലോത്സവം വേദികൾ പോലെ ഷോപ്പിംഗ്/എക്‌സിബിഷൻ സ്റ്റാളുകൾ, നാടൻ തട്ടുകടകൾ ഉൾപ്പെടെ മസ്കത്ത് കലോത്സവം വേദിയിലും ഉത്സവമാമാങ്കം ഒരുക്കുമെന്ന് മസ്‌കത്ത് കലാ സാംസ്കാരിക വേദി അറിയിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥിൾക്കും പ്രവാസി കുടുംബങ്ങൾക്കും പ്രവാസി കൂട്ടായ്മകൾക്കും നൃത്ത, സംഗീത സ്ഥാപനങ്ങൾക്കും അധ്യാപകർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.എല്ലാ ഇനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ തിരഞെഞ്ഞെടുക്കും. കൂടാതെ കലാതിലകം കലാപ്രതിഭ പട്ടം സമ്മാനിക്കുന്നതിനായി സിനിമ- സീരിയൽ താരവും മുൻ കലാതിലകവുമായ അമ്പിളി ദേവി കലോത്സവ വേദിയിൽ എത്തിച്ചേരും. കേരളത്തിൽ നിന്നും മസ്‌കത്തിൽ നിന്നും ഉള്ള വിശിഷ്ട അതിഥികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും. കലോത്സവത്തിന്റെ അവസാന ദിവസമായ നവംബർ 28ന് വൈകുന്നേരം അമ്പിളി ദേവി, അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്‌മി ജയൻ എന്നിവർ നയിക്കുന്ന നൃത്ത സംഗീതവിരുന്ന് ‘നക്ഷത്രരാവ്’ മെഗാ ഷോയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. മസ്കത്ത് കലാ സാംസ്കാരിക വേദി ഭാരവാഹികൾ ആയ ശ്രീകുമാർ കൊട്ടാരക്കര, സിബി ബാബു, വിനോദ് വി, അനുദാസ്, വിനോദ് മഞ്ചേരി, സുബി ബാബു, രാജേഷ്, ശശിധരൻ പൊയ്കയിൽ, സജിത വിനോദ്, നിഷ ഷാജി, സീന ശശിധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.








