ബഹ്‌റൈൻ ദേശീയ ദിനം: ബി കെ എസ് ‘ഇലസ്‌ട്ര 2025’ ചിത്രകലാ മത്സരത്തിന് അരങ്ങൊരുങ്ങി

മനാമ: ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബഹ്‌റൈൻ കേരളീയ സമാജം ‘ഇലസ്‌ട്ര 2025’ എന്ന പേരിൽ മെഗാ ചിത്രകലാ മത്സരം ഡിസംബർ 16ന് രാവിലെ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചാണ് നടക്കുന്നത്.3 വയസ്സുമുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി അഞ്ച് ഗ്രൂപ്പുകളായാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.
ബഹ്റൈൻ ദേശീയദിനം വർണ്ണാഭമാക്കുന്നതിന് രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും മത്സരം വീക്ഷിക്കുന്നതിന് ചിത്രകലാ പ്രേമികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ,കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ജനറൽ കൺവീനർ ബിനു വേലിയിൽ എന്നിവർ വാർത്താക്കുറി പ്പിൽ അറിയിച്ചു.