
മസ്‌കത്ത്: രാജ്യവ്യാപകമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടം ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും. 50 മൈക്രോമീറ്ററിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ഇനി കൂടുതൽ വ്യാപാര മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഒമാൻ പരിസ്‌ഥിതി അതോറിറ്റി അറിയിച്ചു. ഇതു പ്രകാരം ഫർണിച്ചർ കടകൾ, കാർപ്പറ്റ് – പുതപ്പ് വിൽപ്പനശാലകൾ, ഖൻജർ വിൽപനശാലകൾ, ആഭരണശാലകൾ, വാഹന ഡീലർഷിപ്പുകൾ, കാർ കെയർ സെന്ററുകൾ തുടങ്ങിയയിടങ്ങളിൽ ഇത്തരം കവറുകൾ ഉപയോഗിക്കാൻ പാടില്ല.നിയമലംഘകർക്ക് 50 ഒമാനി റിയാൽ മുതൽ 1,000 ഒമാനി റിയാൽ വരെ പിഴ ചുമത്തും.ആദ്യ നിയമലംഘനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ വീണ്ടും കുറ്റം ചെയ്താൽ പിഴ ഇരട്ടിയാകും.പ്ലാസ്റ്റിക് മാലിന്യം കുറക്കാനും പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന പദ്ധതി ഒമാൻ വിഷൻ 2040 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.







