ബഹ്‌റൈനു നേരെ ഇന്ന് വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമം

മനാമ : ബഹ്‌റൈനു നേരെ ഇന്ന് വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമം.വിജയകരമായി തടഞ്ഞ് പ്രതിരോധ സേന . ഇന്ന് പുലർച്ചെ 2.45 ഓടെയാണ് ആക്രമണമുണ്ടായത്.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ബഹ്റൈന്റെ അതിർത്തി ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വ്യക്തമായ ലംഘനമാണ് ഈ നടപടിയെന്നും, ജനങ്ങളുടെ സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ ഭീഷണിയാണിതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.സംഭവത്തെ തുടർന്ന് രാജ്യത്ത് അപായ സൈറണുകൾ മുഴക്കിയിരുന്നില്ലെങ്കിലും, ബഹ്റൈൻ പ്രതിരോധ സേന അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ വ്യോമാതിർത്തിയും സുപ്രധാന കേന്ദ്രങ്ങളും നിരീക്ഷണ സംവിധാനങ്ങളും സുരക്ഷാ ഏജൻസികളുടെ കർശന നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി . ദിവസങ്ങൾക്കു മുൻപാണ് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ബഹ്റൈനിൽ സന്ദർശനം നടത്തിയത് . സന്ദർശനത്തിനിടെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശിക സുരക്ഷ, ഗൾഫ് മേഖലയിലെ സ്ഥിരത, ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികൾ, പ്രതിരോധ സഹകരണം, സാമ്പത്തിക-സാങ്കേതിക മേഖലകളിലെ പങ്കാളിത്തം എന്നിവയാണ് പ്രധാനമായും ചർച്ചയായിരുന്നു .അതേസമയം, യു.എസ്.–ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സംഘർഷം കുറയ്ക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനുമായി നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഈ ഡ്രോൺ ആക്രമണശ്രമം ഉണ്ടായത്. ഇതോടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയാണ്.ഇറാന്റെ നടപടിയെ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളും ശക്തമായി ഭാഷയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട് . മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനായുള്ള അന്താരാഷ്ട്ര ചർച്ചകൾ തുടരുന്നതിനിടെയുണ്ടായ ഈ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഗൾഫ് രാജ്യങ്ങൾ വിലയിരുത്തുന്നത്. ബഹ്റൈന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് ജി.സി.സി. രാജ്യങ്ങൾ വ്യക്തമാക്കി.