
മനാമ: ബഹ്റൈൻ കസ്റ്റംസ് പ്രസിഡന്റായ ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ലോക കസ്റ്റംസ് ഓർഗനൈസേഷന്റെ (WCO) 147-ാമത്തെയും 148-ാമത്തെയും കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തു.അന്താരാഷ്ട്ര കസ്റ്റംസ് രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള കസ്റ്റംസ് വേദികളിലെ ബഹ്റൈന്റെ സജീവ സാന്നിധ്യം കൂടുതൽ ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ഷെയ്ഖ് അഹമ്മദ് വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കൽ, സമൂഹസുരക്ഷ ഉറപ്പാക്കൽ, ആഗോള വിതരണ ശൃംഖലകളുടെ സുരക്ഷ ശക്തിപ്പെടുത്തൽ, കസ്റ്റംസ് സംവിധാനത്തിന്റെ വികസനം എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ ചർച്ചകൾക്ക് ഈ യോഗങ്ങൾ വേദിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര നിലവാരങ്ങളും മികച്ച പ്രവർത്തനരീതികളും പിന്തുടർന്ന് ബഹ്റൈൻ കസ്റ്റംസ് സംവിധാനം തുടർച്ചയായി നവീകരിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണനിലവാര അധിഷ്ഠിത പദ്ധതികൾ നടപ്പാക്കുന്നതിലൂടെയും അന്താരാഷ്ട്ര കസ്റ്റംസ് സംഘടനകളുമായും വിവിധ രാജ്യങ്ങളിലെ കസ്റ്റംസ് വകുപ്പുകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും കസ്റ്റംസ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും വ്യാപാരം കൂടുതൽ സുഗമമാക്കാനും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും സമൂഹസുരക്ഷയ്ക്കും കരുത്തേകാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.കൗൺസിൽ യോഗങ്ങളിൽ കസ്റ്റംസ് തീരുമാനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിൽ ഡാറ്റയുടെ പ്രാധാന്യം, പരിശോധനാ-നിയന്ത്രണ സംവിധാനങ്ങളുടെ വികസനം, ഡിജിറ്റൽ പരിവർത്തനവും അതിവേഗ സാങ്കേതിക പുരോഗതിയും കസ്റ്റംസ് മേഖലയ്ക്ക് മുന്നിൽ തുറക്കുന്ന പുതിയ സാധ്യതകൾ എന്നിവ വിശദമായി ചർച്ച ചെയ്തു.മയക്കുമരുന്ന് കടത്ത് തടയുന്നതിലും അനധികൃത വ്യാപാരവുമായി ബന്ധപ്പെട്ട ഭീഷണികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിലും കസ്റ്റംസ് വകുപ്പുകളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഉയർന്നുവന്നു.ഇതുകൂടാതെ ആഗോള വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കൽ, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വിപുലീകരിക്കൽ, 2025-2028 കാലയളവിലേക്കുള്ള ഡബ്ല്യുസിഒയുടെ തന്ത്രപരമായ പ്രവർത്തന പദ്ധതി വിലയിരുത്തൽ, സംഘടനയുടെ സാങ്കേതിക, സാമ്പത്തിക, ഭരണസമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ എന്നിവയും യോഗത്തിൽ പരിഗണിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിനും സ്ഥാപന കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള നടപടികളും ചർച്ചയായി.







