
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾ സാധാരണ നിലയിലാകും
മസ്കത്ത്: പ്രവാസികൾക്ക് ആശ്വാസം പകർന്ന് കോഴിക്കോട് നിന്ന് സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. കോഴിക്കോട്- സലാല സർവിസ് ജൂലൈ രണ്ടിനും കോഴിക്കോട് – കുവൈത്ത് സർവിസ് ജൂലൈ മൂന്നിനുമാണ് പുനരാരംഭിച്ചത്. ബംഗളൂരു -കുവൈത്ത് സർവിസ് ജൂലൈ നാലിനും പുനരാരംഭിക്കും. ഇതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ എയർഇന്ത്യ എക്സ്പ്രസ് സർവിസുകളും സാധാരണ നിലയിലായി.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് നിന്നും രാവിലെ 11 മണിക്ക് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2.15ന് തിരികെ കോഴിക്കോട്ടേക്കുമാണ് സർവീസ്. കുവൈത്തിലേക്കുള്ള വിമാനം വെള്ളിയാഴ്ച രാവിലെ 7.30ന് കോഴിക്കോട് നിന്നും പുറപ്പെടും. 11.05ന് കുവൈത്തിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 6:50ന് കോഴിക്കോട് എത്തും. ബംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.25ന് പുറപ്പെട്ട് പുലർച്ചെ 4:50ന് കുവൈത്തിലെത്തും. പുലർച്ചെ 5.50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.25ന് ബംഗളൂരുവിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു പ്രമുഖ ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കോഴിക്കോട് – കുവൈത്ത് സെക്ടറിലെ സർവിസ് ജൂലൈ അഞ്ചു മുതൽ ആഴ്ചയിൽ മൂന്നായി ഉയർത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കും പുലർച്ചെ 5.50ന് തിരിച്ചുമാണ് സർവിസുകൾ ഉണ്ടാവുക. ബംഗളൂരു -കുവൈത്ത് സർവിസ് ജൂലൈ ഏഴു മുതൽ ആഴ്ചയിൽ മൂന്ന് ആയി ഉയർത്തും. ബംഗളൂരു- മസ്കത്ത് സർവിസും ജൂലൈ മൂന്നു മുതൽ പുനരാരംഭിക്കും. മസ്കറ്റിൽ നിന്നും ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ആഴ്ചതോറും 40 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
സലാലയിലെ ആയിരകണക്കിന് മലയാളി കുടുംബങ്ങളെ എയർഇന്ത്യ എക്സ്പ്രസ് സർവിസ് നിർത്തിവെച്ചത് ഏറെ വലച്ചിരുന്നു. നേരിട്ട് നാട്ടിലെത്താനുള്ള അവസരമാണ് ഇതേ തുടർന്ന് ഇല്ലാതായത്. മസ്കത്ത് വഴിയുള്ള യാത്രക്കുള്ള അധിക ചെലവും സമയനഷ്ടവുമെല്ലാം പരിഗണിച്ച് കുടുംബസമേതമുള്ള യാത്ര പലരും നീട്ടിവെച്ചിരിക്കുകയായിരുന്നു.







