ബഹ്റൈനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാകുന്നു; ഇന്ത്യൻ അംബാസഡർ വിശദീകരണവുമായി

മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് വ്യാഴാഴ്ച നടത്തിയ മാധ്യമപ്രസ്താവനയിൽ ഇന്ത്യ-ബഹ്റൈൻ ബന്ധത്തിലെ പുതിയ പുരോഗതികളും നയതന്ത്ര, സാമ്പത്തിക, സമുദ്രസുരക്ഷാ സഹകരണങ്ങളും വിശദീകരിച്ചു.
അടുത്തിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്റൈൻ സന്ദർശിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നതായി അദ്ദേഹം പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവരുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകളും അദ്ദേഹം കൈമാറി.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും സാമ്പത്തിക സഹകരണവും വിലയിരുത്തി. 2026-27 കാലയളവിലേക്കുള്ള യുഎൻ സുരക്ഷാ സമിതിയിലെ താൽക്കാലിക അംഗത്വം നേടിയ ബഹ്റൈനെ ഇന്ത്യ അഭിനന്ദിക്കുകയും ചെയ്തു.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ, രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിൽ പ്രവാസി ഇന്ത്യക്കാർ നൽകുന്ന സംഭാവനയെ പ്രശംസിച്ചതായും അംബാസഡർ പറഞ്ഞു.
2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി വ്യാപാരം 16 ബില്യൺ യുഎസ് ഡോളറിലെത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 1.57 ശതമാനം വർധന രേഖപ്പെടുത്തി. ഇരു രാജ്യങ്ങളിലെയും നിക്ഷേപം ഏകദേശം 2 ബില്യൺ യുഎസ് ഡോളറാണ്. ബഹ്റൈൻ പൗരന്മാർക്കുള്ള ഇന്ത്യയുടെ ഇ-വിസ സംവിധാനം ഒരു വർഷം പൂർത്തിയാക്കിയതായി അംബാസഡർ അറിയിച്ചു. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ ഉൾപ്പെടെ 14 വിഭാഗങ്ങളിലായി 4,651 ഇ-വിസകൾ ഇതിനകം അനുവദിച്ചു. ബഹ്റൈൻ മാളിലെ ഇന്ത്യൻ കോൺസുലർ ആൻഡ് ആപ്ലിക്കേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കാനിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 39,121 കോൺസുലർ സേവനങ്ങൾ കേന്ദ്രം വഴി ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. പാസ്‌പോർട്ട് അപേക്ഷകൾ, വിസ, ജനന രജിസ്ട്രേഷൻ, രേഖാ സാക്ഷ്യപ്പെടുത്തൽ തുടങ്ങി വിവിധ സേവനങ്ങളാണ് നൽകിയത്. അടുത്തിടെ ഇന്ത്യ 2028-29 യുഎൻ സുരക്ഷാ സമിതി താൽക്കാലിക അംഗത്വത്തിനായുള്ള പ്രചാരണം ആരംഭിച്ചതായും അംബാസഡർ പറഞ്ഞു. സമാധാനം, വിശ്വാസം, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം, ഭീകര ധനസഹായത്തിനെതിരായ പോരാട്ടം എന്നിവയാണ് ഇന്ത്യയുടെ പ്രധാന മുൻഗണനകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സമുദ്രഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യമാണെന്ന് ഇന്ത്യ ആവർത്തിച്ചു. ബഹ്റൈനിൽ ആസ്ഥാനമായുള്ള കോമ്പിനേഡ് മാരിടൈം ഫോസ്‌സ് (CMF)-ലുള്ള ഇന്ത്യയുടെ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെട്ടതായി അംബാസഡർ പറഞ്ഞു. 2026 ഫെബ്രുവരിയിൽ ഇന്ത്യൻ നാവികസേന ആദ്യമായി കോമ്പിനേഡ് ടാസ്ക് ഫോഴ്സ് 154 (CTF-154)-ന്റെ നേതൃത്വം ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി 14 പരിശീലന പരിപാടികൾ സംഘടിപ്പിച്ച് 2,200-ലധികം പരിശീലന മണിക്കൂറുകൾ പൂർത്തിയാക്കിയതായും അറിയിച്ചു.കൂടാതെ, ഓപ്പറേഷൻ കമ്പാസ് റോസ് 26-1-ൽ 25 രാജ്യങ്ങളിൽ നിന്നുള്ള 137 പ്രതിനിധികൾ പങ്കെടുത്തതായും, ഓപ്പറേഷൻ സൗത്തെൺ റെഡിനെസ്സ് 26-2 ജൂലൈ 20 മുതൽ 23 വരെ കൊച്ചിയിൽ ഇന്ത്യൻ നാവികസേനയുടെ ആതിഥേയത്വത്തിൽ നടക്കുമെന്നും അംബാസഡർ അറിയിച്ചു.ഇന്ത്യ-ബഹ്റൈൻ ബന്ധം സാമ്പത്തികം, നയതന്ത്രം, സമുദ്രസുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇന്ത്യയ്ക്കുണ്ടെന്ന് അംബാസഡർ വിനോദ് കെ. ജേക്കബ് വ്യക്തമാക്കി.