ബഹ്‌റൈനിൽ വിദ്യാർത്ഥി ഗതാഗതത്തിന് കർശന മാനദണ്ഡങ്ങൾ

മനാമ: 2026–2027 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കായി ഗതാഗത സേവനം നൽകുന്നവർ നിർബന്ധമായും ആവശ്യമായ ലൈസൻസ് നേടിയിരിക്കണമെന്ന് ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളും ഡ്രൈവർമാരും ആവശ്യമായ സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.
വിദ്യാർത്ഥി ഗതാഗത സേവനം നടത്താൻ താൽപര്യമുള്ള വ്യക്തികളും കമ്പനികളും പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ ലൈസൻസിങ് നടപടികൾ പൂർത്തിയാക്കണം. സാധുവായ ലൈസൻസില്ലാതെ വിദ്യാർത്ഥി ഗതാഗത സേവനം നൽകുന്നത് ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.അതേസമയം, വിദ്യാർത്ഥികളുടെ ഗതാഗതത്തിനായി ഏതെങ്കിലും സേവനദാതാവുമായി കരാറിലേർപ്പെടുന്നതിന് മുമ്പ് സേവനദാതാവിന് സാധുവായ ലൈസൻസ് ഉണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ലൈസൻസുള്ള ഗതാഗത ഓപ്പറേറ്റർമാരുടെ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാനും രക്ഷിതാക്കൾക്ക് നിർദേശം നൽകി.
വിദ്യാർത്ഥി ഗതാഗത സേവനങ്ങളുടെ നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി വിദ്യാഭ്യാസ മന്ത്രാലയത്തോടും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായും സഹകരിച്ച് പ്രവർത്തനം തുടരുകയാണെന്നും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.