ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ തീയതികളിൽ മാറ്റം

മനാമ : എട്ടാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. 2026 നവംബർ 18 മുതൽ 20 വരെ സാഖിർ എയർബേസിൽ നടത്താനിരുന്ന എയർഷോ 2028 നവംബർ 15 മുതൽ 17 വരെ നടക്കും. സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റിയാണ് തീയതി മാറ്റം പ്രഖ്യാപിച്ചത്.കൂടുതൽ രാജ്യങ്ങളുടെയും അന്താരാഷ്ട്ര വ്യോമയാന കമ്പനികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് തീയതികൾ മാറ്റിയതെന്ന് കമ്മിറ്റി വ്യക്തമാക്കി. പുതിയ തീയതികൾ സന്ദർശകർ, പ്രദർശകർ, വ്യോമയാന വ്യവസായ മേഖലയിലെ വിവിധ പങ്കാളികൾ എന്നിവർക്ക് എയർഷോയിൽ കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.2010ൽ ആരംഭിച്ച ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ ഇതിനോടകം ആഗോള വ്യോമയാന മേഖലയിലെ പ്രധാന പ്രദർശനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. പ്രമുഖ വിമാന നിർമാതാക്കൾ, വ്യോമയാന കമ്പനികൾ, പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങൾ, സർക്കാർ പ്രതിനിധികൾ, വ്യവസായ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തമാണ് എയർഷോയുടെ പ്രധാന ആകർഷണം.2028ലെ എയർഷോയുടെ ഭാഗമായി വിവിധ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും സംഘാടക സമിതി അറിയിച്ചു.