ബഹ്റൈനിൽ ഇ-ബൈക്കും ഇ-സ്കൂട്ടറും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ടറേറ്റ്

മനാമ : ഇലക്ട്രിക് ബൈക്കുകളും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നവർ കർശനമായ ഗതാഗത നിയമങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
16 വയസ്സിന് താഴെയുള്ളവർക്ക് ഇലക്ട്രിക് ബൈക്ക് ഓടിക്കാൻ അനുമതിയില്ല. ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നത് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ മേൽനോട്ടത്തിൽ മാത്രമായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.ഇലക്ട്രിക് ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് ധരിക്കണം. ഇ-സ്കൂട്ടർ യാത്രക്കാർ ഹെൽമെറ്റിന് പുറമെ കൈ, കാൽ, തോൾ ഭാഗങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കണം.ഔട്ടർ റോഡുകൾ, മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗപരിധിയുള്ള റോഡുകൾ, വാഹനങ്ങൾക്കായുള്ള ട്രാക്കുകൾ, എമർജൻസി ലെയ്നുകൾ എന്നിവിടങ്ങളിൽ ഇവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്.മണിക്കൂറിൽ 25 കിലോമീറ്ററാണ് പരമാവധി വേഗപരിധി. അധിക യാത്രക്കാരെ കയറ്റുന്നതും ഗതാഗത ദിശയ്ക്ക് എതിരായി സഞ്ചരിക്കുന്നതും അനുവദനീയമല്ല.നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു