
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 25-ാം വാർഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 18ന് റൂവിയിലെ അൽ ഫലജ് ഹോട്ടലിൽ നടക്കും.വൈകുന്നേരം ആറിന് ആരംഭിക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായി പങ്കെടുക്കും.ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ചാൻസലറും വ്യവസായ പ്രമുഖനുമായ ഡോ. പി. മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കെ. എം. എന്നിവർ ഗസ്റ്റ് ഓഫ് ഹോണറായി പങ്കെടുക്കും.രാവിലെ 11 മണിക്ക് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവ്ഷി ബെഹൽ പാണ്ഡേ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ക്ഷണിക്കപ്പെട്ട അതിഥികൾക്കും അംഗങ്ങൾക്കുമായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
2001 മാർച്ച് 29 ന് ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച കേരള വിഭാഗം, ഒമാനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ മുൻനിർത്തി വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നു.കലാ–സാംസ്കാരിക പരിപാടികൾ, സാഹിത്യ സംരംഭങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി വിവിധ മത്സരങ്ങളും പരിശീലനങ്ങളും, വനിതാ കേന്ദ്രീകൃത പ്രവർത്തനങ്ങൾ, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ കേരള വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.പ്രവാസത്തിന്റെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളിൽ ഇടപെടുന്നതിനൊപ്പം, മലയാള ഭാഷയുടെയും കേരളീയ കലാ–സാംസ്കാരിക പാരമ്പര്യത്തിന്റെയും തുടർച്ച ഉറപ്പാക്കുന്നതിനും വിഭാഗം ശ്രദ്ധ നൽകി.
രജതജൂബിലി ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പ്രശസ്ത ഗായിക അനിത ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ലൈവ് ബാൻഡ്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുമായി ഒരുക്കുന്ന സംഗീതവിരുന്ന് വിവിധ പ്രായത്തിലുള്ള പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം കേരള വിഭാഗത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക നൃത്താവിഷ്‌കാരവും അരങ്ങേറും. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ പങ്കാളിത്തവും പരിപാടിയുടെ പ്രത്യേകതയാണ്. ഒമാനിൽ വളരുന്ന പുതുതലമുറയ്ക്ക് മലയാള ഭാഷയും കേരളത്തിന്റെ ചരിത്രം, സാഹിത്യം, കല, സംസ്കാരം എന്നിവയും പരിചയപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും വരും വർഷങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് സംഘാടകർ അറിയിച്ചു.







