ബഹ്റൈനിൽ ‘വികസിത് ഭാരത് റൺ’; 200ഓളം പേർ പങ്കെടുത്തു

മനാമ: സേവാ പഖ്വാഡയുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി സെപ്റ്റംബർ 18നാണ് നടന്നത്. ഐക്യം, കൂട്ടായ പങ്കാളിത്തം, വികസിത ഭാരതം എന്ന ലക്ഷ്യം എന്നിവ ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തിലായിരുന്നു മൂന്ന് കിലോമീറ്റർ കൂട്ടയോട്ടം. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്നുള്ള 200ഓളം പേർ പങ്കെടുത്തു. സംസ്കൃതി–ബഹ്റൈൻ അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.ഫിറ്റ്നസ്, ആരോഗ്യകരമായ ജീവിതശൈലി, സമൂഹപങ്കാളിത്തം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പരിപാടിയിൽ ‘വികസിത് ഭാരത് പ്രതിജ്ഞ’യും കൂട്ടായി ചൊല്ലി. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ തങ്ങളുടെ കഴിവനുസരിച്ച് പങ്കാളികളാകുമെന്ന് പ്രതിജ്ഞയിലൂടെ പങ്കെടുത്തവർ പ്രഖ്യാപിച്ചു.റണ്ണിന് പിന്നാലെ ‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി പാർക്ക് ശുചീകരണവും നടത്തി. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ശുചിത്വം, ആരോഗ്യകരമായ അന്തരീക്ഷം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു പ്രവർത്തനം.ഫിറ്റ്നസ്, ശുചിത്വം, സമൂഹപങ്കാളിത്തം, സേവന മനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എംബസിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ചത്.