
ബഹ്റൈൻ | 19 ജൂലൈ 2026
ബോബി തേവേരിൽ1
മനാമ : ബഹ്റൈനിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി രാജേഷ് കോരപു നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേഷിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബോൺ കാൻസർ സ്ഥിരീകരിച്ചത്.കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷ് രണ്ടുവർഷത്തിലേറെയായി ഇളയ കുഞ്ഞിനെ കാണാൻ കഴിയാതെയാണ് കഴിഞ്ഞിരുന്നത്. ഏഴ് വയസ്സും രണ്ട് വയസ്സും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളാണ് നാട്ടിൽ രാജേഷിനെ കാത്തിരുന്നത്. ഇതിനിടെ പിതാവിന്റെ ദീർഘകാല ചികിത്സയ്ക്കായി കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതകൾക്കിടയിലാണ് രാജേഷിനും ഗുരുതര രോഗം സ്ഥിരീകരിച്ചത്.നാട്ടിലെത്തിയ ശേഷം തുടർചികിത്സയും കുടുംബത്തിന്റെ ജീവിതച്ചെലവുകളും മുന്നോട്ട് കൊണ്ടുപോകുന്നത് കുടുംബത്തിന് വലിയ വെല്ലുവിളിയാണ്. രാജേഷ് ജോലി ചെയ്തിരുന്ന കമ്പനി നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് നൽകി.ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ നാട്ടിലേക്കുള്ള യാത്രയയപ്പ് വരെയുള്ള കാലയളവിൽ ഹോപ്പ് ടീം രാജേഷിന് ആവശ്യമായ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. യാത്രയയപ്പിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്കായി ഗൾഫ് കിറ്റും, രാജേഷിന്റെ തുടർചികിത്സയ്ക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി 1060 ബഹ്റൈൻ ദിനാർ സഹായധനവും കൈമാറി.രാജേഷിനെ എയർപോർട്ടിലേക്ക് യാത്രയാക്കാൻ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, ഷാജി മൂത്തൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഹോപ്പിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സുമനസ്സുകളുടെ സഹായത്തോടെയാണ് ഈ കരുതൽ സാധ്യമാക്കിയത്.നാട്ടിലെത്തിയ രാജേഷ് ഹോപ്പ് ടീമിനും സഹായവുമായി ഒപ്പം നിന്ന സുമനസ്സുകൾക്കും നന്ദി അറിയിച്ചു.







