
മനാമ : ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾക്ക് നിലവിലെ വർക്ക് പെർമിറ്റ് നിലനിർത്തിക്കൊണ്ട് മറ്റൊരു സ്ഥാപനത്തിൽ മൂന്ന് മാസം വരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA)യുടെ പുതിയ ചട്ടപ്രകാരമാണ് ഹ്രസ്വകാലത്തേക്ക് തൊഴിലാളികളെ സ്ഥാപനങ്ങൾ തമ്മിൽ പങ്കിടാൻ അനുമതി നൽകുന്നത്.തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. നിലവിലെ വർക്ക് പെർമിറ്റ് കൈവശമുള്ള തൊഴിലുടമയുടെയും തൊഴിലാളിയെ ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെയും സമ്മതത്തോടൊപ്പം LMRAയുടെ അനുമതിയും ലഭിക്കണം. 2026ലെ തീരുമാനം നമ്പർ 2 പ്രകാരമാണ് 2008 മുതൽ നിലവിലുണ്ടായിരുന്ന വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഗാർഹിക തൊഴിലാളികൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.തൊഴിലാളിയെ ഏറ്റെടുക്കുന്ന സ്ഥാപനത്തിന് സാധാരണയായി നിലവിലെ തൊഴിലുടമയുടേതിന് തുല്യമോ അതിൽ കൂടുതലോ ആയ ബഹ്‌റൈനൈസേഷൻ നിരക്ക് ഉണ്ടായിരിക്കണം. നിരക്ക് കുറവുള്ള സ്ഥാപനമാണെങ്കിൽ, നിലവിലുള്ള LMRA ഫീസ് ചട്ടപ്രകാരമുള്ള തുകയ്ക്ക് തുല്യമായ ഫീസ് പുതിയ തൊഴിലുടമ അടയ്ക്കണം.
മൂന്ന് മാസത്തെ ജോലിക്കാലയളവിൽ തൊഴിലാളിക്ക് ലഭിക്കേണ്ട തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്തം നിലവിലെ തൊഴിലുടമയും പുതിയ സ്ഥാപനവും പങ്കിടും. തൊഴിലാളിയെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ LMRA തൊഴിലാളിയെയും ഇരു തൊഴിലുടമകളെയും വിവരം അറിയിക്കും.പുതിയ ചട്ടങ്ങൾ പ്രകാരം ഒരേ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കിടയിലും വിദേശ തൊഴിലാളികളെ താൽക്കാലികമായി വിന്യസിക്കാം. വ്യത്യസ്ത കൊമേഴ്സ്യൽ രജിസ്ട്രേഷനുള്ള മറ്റൊരു സ്ഥാപനത്തിലോ വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ രേഖകളിൽ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ഥാപനത്തിലോ തൊഴിലാളിയെ നിയമിക്കാം. ഇത്തരം സ്ഥാപനത്തിനും തൊഴിലാളിയുടെ രജിസ്റ്റർ ചെയ്ത തൊഴിലുടമയുടേതിന് തുല്യമോ ഉയർന്നതോ ആയ ബഹ്‌റൈനൈസേഷൻ നിരക്ക് ഉണ്ടായിരിക്കണം.അതേസമയം, വിദേശ തൊഴിലാളികൾ തൊഴിലുടമ രേഖപ്പെടുത്തിയിരിക്കുന്ന ജോലിസ്ഥലത്ത് തന്നെ ജോലി ചെയ്യണമെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.







