ബഹ്‌റൈനിൽ ഫുഡ് ട്രക്ക് മേഖലയ്ക്ക് പുതിയ നിയന്ത്രണങ്ങൾ

മനാമ: ബഹ്റൈനിലെ ഫുഡ് ട്രക്ക് പ്രവർത്തനങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നോർത്തേൺ മുൻസിപ്പൽ കൗൺസിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ ഫുഡ് ട്രക്ക് ഉടമകൾക്ക് 2027 ജനുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്.രാജ്യത്തെ വിവിധ മേഖലകളിലായി ഫുഡ് ട്രക്കുകൾക്കായി 289 സ്ഥലങ്ങളാണ് നിലവിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് നോർത്തേൺ ഏരിയ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചി. മുഹമ്മദ് സാദ് അൽ സഹ്ലി അറിയിച്ചു. ഈ സ്ഥലങ്ങൾക്കായി ഓൺലൈൻ സംവിധാനത്തിലൂടെയാണ് അപേക്ഷ നൽകേണ്ടത്. കോവിഡ് കാലയളവിന് പിന്നാലെയാണ് ബഹ്റൈനിൽ ഫുഡ് ട്രക്ക് ബിസിനസ് മേഖലയിൽ ശ്രദ്ധേയമായ വളർച്ച ഉണ്ടായത്.
ഫുഡ് ട്രക്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ നിലവിലുണ്ടായിരുന്ന ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ തന്നെയായിരിക്കും തുടർന്നും ബാധകമാകുക. സിവിൽ ഡിഫൻസ്, ആരോഗ്യ മന്ത്രാലയം, ട്രാഫിക് ഡയറക്ടറേറ്റ്, മുൻസിപ്പാലിറ്റി എന്നിവയുടെ മാനദണ്ഡങ്ങൾ ഇതിൽ ഉൾപ്പെടും. പുതിയ നടപടികളെക്കുറിച്ച് ഉടമകളെ ബോധവൽക്കരിക്കുന്നതിനായി ആറുമാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ കാലയളവിന് ശേഷം നിയമങ്ങൾ കർശനമായി നടപ്പാക്കും.വലിയ റെസ്റ്റോറന്റുകൾക്ക് ഫുഡ് ട്രക്ക് ലൈസൻസ് നൽകുന്നതിനെതിരെയും കൗൺസിലിൽ ആശങ്ക ഉയർന്നു. വലിയ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിയോട് ചെറിയ ഫുഡ് ട്രക്ക് സംരംഭകർക്ക് മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കൗൺസിൽ അംഗം ബാസിം അലി അബൂഇദ് റീസ് ചൂണ്ടിക്കാട്ടിയത്. അതേസമയം സാർ, ഹമദ് ടൗൺ തുടങ്ങിയ പ്രദേശങ്ങളിൽ ഫുഡ് ട്രക്കുകൾക്കായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കണമെന്ന ആവശ്യവും അംഗങ്ങൾ മുന്നോട്ടുവച്ചു.