
മനാമ: ബഹ്റൈൻ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകൾക്ക് വിസയോടൊപ്പം ഹെൽത്ത് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്താനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. സന്ദർശകർക്ക് രാജ്യത്ത് താമസിക്കുന്നതിനിടെ അസുഖമോ അപകടമോ ഉണ്ടായാൽ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനാണ് ഇൻഷുറൻസ് തുക ഉപയോഗിക്കുക. എം.പി. മുഹമ്മദ് അൽ മാഅറഫിയുടെ നേതൃത്വത്തിൽ മുന്നോട്ടുവെച്ച നിർദേശപ്രകാരം, ആദ്യം പരിഗണിച്ച അഞ്ച് ബഹ്റൈൻ ദിനാർ എന്ന നിശ്ചിത തുകയ്ക്ക് പകരം രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് അനുസൃതമായി ഫീസ് നിശ്ചയിക്കാനാണ് തീരുമാനം. ടൂറിസ്റ്റുകൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം സർക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ലക്ഷ്യമിടുന്നു. അടിയന്തര ചികിത്സയും അപകടങ്ങളിലെ പരിക്കുകൾക്കുള്ള ചികിത്സയും ഉൾപ്പെടെ സന്ദർശകർക്ക് ലഭ്യമാക്കേണ്ട ആരോഗ്യസേവനങ്ങൾ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് തീരുമാനിക്കും. ഇൻഷുറൻസ് ഫീസ് അടയ്ക്കാത്തവർക്ക് സന്ദർശക വിസ അനുവദിക്കുകയോ പുതുക്കിനൽകുകയോ ചെയ്യില്ല. ഇൻഷുറൻസ് തുക, ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ, ഫീസ് ഈടാക്കുന്ന രീതി എന്നിവ സംബന്ധിച്ച അന്തിമ ചട്ടങ്ങൾ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് തയ്യാറാക്കിവരികയാണെന്ന് സർക്കാർ അറിയിച്ചു. പദ്ധതിയുടെ അന്തിമ ഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.






