വിദേശ തൊഴിലാളികളുടെ നിയമന ഫീസ് ശമ്പളാടിസ്ഥാനത്തിൽ വർധിപ്പിക്കാനുള്ള നിർദേശം തള്ളി

മനാമ: സ്വദേശിവൽക്കരണ ക്വാട്ടയ്ക്ക് പുറത്ത് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ് ശമ്പളാടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്ന പാർലമെന്റ് നിർദേശം ബഹ്റൈൻ സർക്കാർ തള്ളി. ശമ്പളത്തിനനുസരിച്ച് ഫീസ് നിശ്ചയിക്കുന്നത് കൃത്രിമത്വത്തിനും തൊഴിൽ അനുമതി അപേക്ഷകളിൽ കാലതാമസത്തിനും കാരണമാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.നിലവിൽ 500 ബഹ്റൈൻ ദിനാർ ഫീസ് ഈടാക്കുന്ന സംവിധാനത്തിന് പകരം, തൊഴിലാളികളുടെ ശരാശരി പ്രതിമാസ ശമ്പളത്തിനനുസരിച്ച് 500 മുതൽ 2,500 ദിനാർ വരെ ഫീസ് ഈടാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ നിലവിലുള്ള ഇലക്ട്രോണിക് സംവിധാനം കൂടുതൽ പ്രായോഗികമാണെന്നും സ്വദേശിവൽക്കരണ ചട്ടങ്ങൾ പാലിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഘാനിം അൽ ബുഐനാൻ വ്യക്തമാക്കി.തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയെ ക്രമീകരിക്കാൻ തൊഴിൽ വിപണിയിലെ വിവരങ്ങളും ബിരുദധാരികളുടെ തൊഴിൽ സ്ഥിതിവിവരക്കണക്കുകളും ഉപയോഗിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.തംകീന്റെ വേതനസഹായം നേരിട്ട് തൊഴിലാളികൾക്ക് നൽകണമെന്ന നിർദേശവും സർക്കാർ നിരസിച്ചു. ശമ്പളം ബാങ്ക് ട്രാൻസ്ഫർ വഴി നൽകിയതിന്റെ രേഖകൾ പരിശോധിച്ച ശേഷമാണ് തംകീൻ തൊഴിലുടമകൾക്ക് ഫണ്ട് അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സഹായം നേരിട്ട് നൽകുന്ന രീതി ചില തൊഴിലുടമകളെ കരാർ ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാൻ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.