
മസ്‌കത്ത്: കാബൂറ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം–ഈദ് ആഘോഷം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കാബൂറ അബ്ബാസ്സയിലുള്ള മോഡേൺ ഓർക്കിഡ് ഹാളിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഓണസദ്യയിൽ 1,860ഓളം പേർ പങ്കുചേർന്നു. രാവിലെ 9.30ന് കൂട്ടായ്മയുടെ കൺവീനർ രാജീവ് രാജുവും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കുട്ടികളും മുതിർന്നവരുമായ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. നാട്ടിൽനിന്നെത്തിയ പാചകവിദഗ്ധൻ അനീഷിന്റെ മേൽനോട്ടത്തിൽ ഒരുക്കിയ ആലപ്പുഴ സദ്യയും മസ്‌കത്ത് പഞ്ചവാദ്യത്തിന്റെ മേളപ്പെരുമയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായി. ത്രയമന്ത്ര, രാഗ, പ്രഗതി എന്നീ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്തപരിപാടികളും ഒമാൻ പ്രവാസി അസോസിയേഷന്റെ കീഴിലുള്ള സംഗീതധ്വനി ടീമിലെ മുപ്പതോളം കലാകാരന്മാർ അണിനിരന്ന ഗാനമേളയും കാണികൾക്ക് വേറിട്ട അനുഭവമായി. കോമഡി ഷോ ഉൾപ്പെടെയുള്ള പരിപാടികളും അരങ്ങേറി.
വൈകിട്ട് 4.30ന് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ അതിഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. അൽ നൈമി പോളിക്ലിനിക് മാനേജർ വിജയ്, കഥറാ പോളിക്ലിനിക് മാനേജിങ് പാർട്ണർമാരായ സന്ദീഷ്, പ്രശാന്ത്, കാബൂറ ലുലു ബ്രാഞ്ച് മാനേജർ അബീഷ്, ബസ്മ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നിസാർ എന്നിവർക്കൊപ്പം വിശിഷ്ടാതിഥികളായ അഡ്വ. ജെസ്സി ജോസഫ്, അഡ്വ. മധുസൂദനൻ, വാസുദേവൻ തളിയാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ കൂട്ടായ്മയുടെ സെക്രട്ടറി സനിൽ സ്വാഗതവും, പ്രസിഡന്റ് വിഷ്ണു കൃതജ്ഞതയും, ട്രഷറർ സന്തോഷ് ആശംസകളും അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്, ബികിൽ, പ്രവീൺ, രഞ്ജിത്കുമാർ, ടിറ്റോ, സുനിൽ, അനിൽ, ലെജു, ഷൈൻ, ഡോ. റാസിഖ്, ഡിക്സൺ, ബിനോജ്, രഞ്ജിത്ത്, ഷാഹിദ്, അബീഷ് എന്നിവരും വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ലുലു, സൗമ്യ, ശാന്തി, ഗ്രീറ്റ, സനൂപ, ആര്യ, അഞ്ജലി, ചിത്ര, റിനിയ, സുവീണ, ഹിന, ഗോപിക, രെഞ്ചു, രേഷ്മ എന്നിവരും പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒത്തുചേർന്ന ആഘോഷം കാബൂറയിലെ പ്രവാസി സമൂഹത്തിന് സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ഉത്സവമായി മാറി.







