ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കാൻ ശ്രമം; സ്ഥാപനം അടച്ചുപൂട്ടി

ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കാൻ ശ്രമം; സ്ഥാപനം അടച്ചുപൂട്ടി

മനാമ : കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മാംസവും അനധികൃതമായി സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്ത സ്ഥാപനത്തിനെതിരെ നടപടിയുമായി ബഹ്‌റൈൻ വ്യവസായ-വാണിജ്യ മന്ത്രാലയം. മുഹറഖിലെ സ്ഥാപനവും അനുബന്ധ ഗോഡൗണും അധികൃതർ അടച്ചുപൂട്ടി.മന്ത്രാലയത്തിന്റെ ഇൻസ്പെക്ടറേറ്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ആവശ്യമായ ലൈസൻസില്ലാതെ മാംസം സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്തതായും വിതരണത്തിനായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.2024, 2025 വർഷങ്ങളിൽ കാലാവധി അവസാനിച്ച കോൺസ്റ്റാർച്ച്, മാംസം, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു.പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.