പ്രവാസി വീട്ടമ്മയുടെ ‘തിങ്ക്, ലേൺ & ഫ്ലറിഷ്’ പുസ്തകപ്രകാശനം

മസ്‌കത്ത് :നവാഗത എഴുത്തുകാരി നെഫി റാഫിയ രചിച്ച ‘തിങ്ക്, ലേൺ & ഫ്ലറിഷ്’ (Think, Learn & Flourish) എന്ന പുസ്തകം അൽ ഭാജ് ബുക്സിന്റെ ആഭിമുഖ്യത്തിൽ ദാർസൈറ്റിലെ അനന്തപുരി ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.സമൂഹത്തിലെ വിവിധ തുറകളിലുള്ള വിശിഷ്ടാതിഥികളും സാംസ്കാരിക-മാധ്യമ പ്രവർത്തകരും പങ്കെടുത്തചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ ചെയർമാനും ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപക ചെയർമാനുമായ ഡോ. ജെ രത്നകുമാർ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് പുസ്തകത്തിന്റെ ആദ്യപ്രതി എഴുത്തുകാരി അമ്മു വള്ളിക്കാട്ടിന് നൽകി. ഉയർന്ന സ്കൂൾ വിദ്യാർത്ഥികൾക്കും യുവതലമുറയ്ക്കും ജീവിതത്തിൽ ശരിയായ ദിശാബോധം നൽകാൻ ഈ പുസ്തകം ഏറെ ഉപകരിക്കുമെന്നും, ബാഹ്യലോകത്തെ തേടുന്നതിന് മുൻപ് സ്വന്തം ഉള്ളിലേക്ക് നോക്കി സ്വയം തിരിച്ചറിയാനാണ് പുസ്തകം ആഹ്വാനം ചെയ്യുന്നതെന്നും ഡോ. രത്നകുമാർ അഭിപ്രായപ്പെട്ടു.ഉത്തരവാദിത്തങ്ങളുടെ കടലിൽ സ്വന്തം കഴിവുകളും സ്വപ്നങ്ങളും മറന്നുപോകുന്ന വീട്ടമ്മമാർക്കും അമ്മമാർക്കും ഈ പുസ്തകം തിരികെ സ്വന്തം വിലാസം കണ്ടെത്താൻ ഒരു വഴികാട്ടിയാകുമെന്ന് അമ്മു വള്ളിക്കാട്ട് കൂട്ടിച്ചേർത്തു.തുടർന്ന് മിഡിൽ ഈസ്റ്റ് ചന്ദ്രിക മാധ്യമപ്രവർത്തകയും ചടങ്ങിന്റെ അവതാരകയുമായ ജെസ്‌ലയിൽ നിന്നും മുതിർന്ന മാധ്യമപ്രവർത്തകയും പോഡ്കാസ്റ്ററുമായ ലക്ഷ്മി കൊത്തനേത്ത് രണ്ടാം പ്രതി ഏറ്റുവാങ്ങി.പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാകുന്ന ഒന്നാണ് ഈ പുസ്തകമെന്നും, എഴുത്തുകാരിക്ക് കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും ലഭിച്ച പിന്തുണ പ്രശംസനീയമാണെന്നും ലക്ഷ്മി കൊത്തനേത്ത് പറഞ്ഞു.പുസ്തകത്തിന്റെ തലക്കെട്ടിലെ ക്രമം വളരെ പ്രധാനമാണെന്ന് ഒമാൻ ഒബ്സർവർ സീനിയർ ജേണലിസ്റ്റ് കബീർ യൂസഫ് അഭിപ്രായപ്പെട്ടു. “ആദ്യം ചിന്തിക്കുക, പഠിക്കുക, അതിനുശേഷം വളരുക (Think, Learn & Flourish) എന്നതാണ് ശരിയായ വഴി. എന്നാൽ ഇന്ന് പലരും ആദ്യം വളരാൻ ശ്രമിച്ച്, പാളിച്ചകൾ പറ്റുമ്പോൾ മാത്രം ചിന്തിക്കാൻ തുടങ്ങുന്ന സാഹചര്യത്തിൽ ഈ പുസ്തകത്തിന്റെ ആശയം ഏറെ പ്രസക്തമാണ്,” അദ്ദേഹം ഓർമ്മിപ്പിച്ചു.ഡിജിറ്റൽ യുഗത്തിലും വായനാസമൂഹം വളരുകയാണെന്ന് അൽ ഭാജ് ബുക്സ് പ്രതിനിധി ഷൗക്കത്ത് അലി വ്യക്തമാക്കി. പുസ്തകം മസ്കറ്റിലെ വിദ്യാലയങ്ങളിലും പ്രമുഖ പുസ്തകശാലകളിലും ലഭ്യമാക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും വിവർത്തകനുമായ ഹാറൂൺ റഷീദ്, രാജൻ വി. കൊക്കുരി, ഫൈസൽ, ചാന്ദ്നി മനോജ്‌, ടി. സി. അഷ്റഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.രണ്ട് മക്കളെ പരിപാലിക്കുന്നതിനിടയിലും ആദ്യ പുസ്തകം പൂർത്തിയാക്കിയ ഗ്രന്ഥകാരിയുടെ പരിശ്രമത്തെ സംസാരിച്ചവർ പ്രശംസിച്ചപ്പോൾ, എഴുതാനുള്ള ആന്തരിക പ്രേരണയുണ്ടെങ്കിൽ ബാലൻസ് കണ്ടെത്താൻ സാധിക്കുമെന്ന് ഹാറൂൺ റഷീദ് ചൂണ്ടിക്കാട്ടി.മറ്റുള്ളവരുടെ പിന്തുണ ലഭിക്കുമ്പോഴും ചില ഘട്ടങ്ങളിൽ നേരിടേണ്ടിവരുന്ന തടസ്സങ്ങളും തീരുമാനങ്ങളും നമ്മെ കൂടുതൽ ശക്തരാക്കുമെന്ന് മറുപടി പ്രസംഗത്തിൽ ഗ്രന്ഥകാരി നെഫി റാഫിയ പറഞ്ഞു. “സ്വന്തം കഴിവുകൾ പൂർണ്ണമായി പുറത്തെടുക്കണമെങ്കിൽ തുടക്കത്തിൽ അനുഭവപ്പെടുന്ന അല്പം അസ്വസ്ഥതകളെയും പ്രതിസന്ധികളെയും നേരിടാൻ നാം തയ്യാറാകണം,” പുസ്തകത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് അവർ പറഞ്ഞു. കുട്ടികളുടെ സർഗ്ഗാത്മകത വളർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ തന്റെ മകൻ തയ്യാറാക്കിയ ആക്റ്റിവിറ്റി ബുക്കും അവർ സദസ്സിന് മുന്നിൽ പരിചയപ്പെടുത്തി.എഴുത്തുകാരിയുടെ ഭർത്താവ് റിഷാം തായത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിരുന്ന് സൽക്കാരവും പുസ്തകം ഒപ്പിട്ടു നൽകുന്ന ചടങ്ങും നടന്നു.