ഏകതാ സൊഹാറിന്റെ ഹരിമുരളീരവം; ഓടക്കുഴൽ സംഗീതത്തിൽ ലയിച്ച് ആസ്വാദകർ

സൊഹാർ: ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്ന ഏകതാ സൊഹാർ സംഘടിപ്പിച്ച ‘ഹരിമുരളീരവം 2026’ സംഗീതപരിപാടി ശ്രദ്ധേയമായി. ഒക്ടോബർ 30 വെള്ളിയാഴ്ച വൈകീട്ട് 7.30ന് സൊഹാറിലെ ഗ്രീൻ ഒയാസിസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ 700-ലധികം സംഗീതാസ്വാദകർ പങ്കെടുത്തു.പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിച്ച ഓടക്കുഴൽ സംഗീതപരിപാടി ആസ്വാദകർക്ക് വേറിട്ട അനുഭവമായി. സൊഹാറിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രവർത്തകരും സംഗീതാസ്വാദകരും ഏകതാ മസ്കറ്റ്, ഏകതാ സൊഹാർ ഭാരവാഹികളും പരിപാടിയിൽ സന്നിഹിതരായിരുന്നു.

റോയൽ ആർമി ഓഫ് ഒമാനിലെ ഓഫീസേഴ്സ് ട്രെയിനിങ് സ്കൂൾ കമാൻഡർ കേണൽ റുകാൻ സുൽത്താൻ ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ വൈഹബി മുഖ്യാതിഥിയായി പരിപാടി ഉദ്ഘാടനം ചെയ്തു.സഹം ഇന്ത്യൻ സ്കൂൾ പ്രധാനാധ്യാപിക സുചിത്ര സതീഷ്, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രതിനിധി ഗിരീഷ് ചോപ്ര, ഏഷ്യാ പേസ്റ്റ് കമ്പനിയുടെ സി.എഫ്.ഒ. പവി ഗോവിന്ദ്, ബി.കെ. ഇന്റർനാഷണൽ കമ്പനി സാരഥി മുഹമ്മദ് ബിലാൽ, ഏകതാ മസ്കറ്റ് വൈസ് പ്രസിഡന്റ് മുരളീകൃഷ്ണൻ, ഏകതാ സൊഹാർ രക്ഷാധികാരി സി.കെ. സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ ക്ലാസിക്കൽ കലാപാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇന്ത്യൻ-ഒമാനി സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഏകതാ സൊഹാറിന്റെ പ്രവർത്തനങ്ങളെ കേണൽ റുകാൻ സുൽത്താൻ ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ വൈഹബി പ്രശംസിച്ചു.പരിപാടിയുടെ അവസാനം വിശിഷ്ടാതിഥികൾ ഏകതാ സൊഹാറിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും വരും വർഷങ്ങളിൽ കൂടുതൽ മികച്ച കലാപരിപാടികൾ സംഘടിപ്പിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഏകതാ ജനറൽ സെക്രട്ടറി ദിനേശ് കുമാർ സ്വാഗതവും ബിജു ബാലൻ നന്ദിയും രേഖപ്പെടുത്തി.