ബഹ്‌റൈനിൽ ജില്ലാ കപ്പ് & വെറ്ററൻസ് കപ്പ് സീസൺ 4 നവംബർ 12 മുതൽ

മനാമ: ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ കപ്പ് & വെറ്ററൻസ് കപ്പ് സീസൺ 4 നവംബർ 12, 13, 14 തീയതികളിൽ നടക്കും. സിഞ്ചിലെ അൽ അഹ്‌ലി ഗ്രൗണ്ടിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സംഘാടകർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ രാത്രി 9.30ന് വർണാഭമായ പരിപാടികളോടെ ടൂർണമെന്റിന് തുടക്കമാകും. കേരളത്തിലെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ആറു ജില്ലകളെ പ്രതിനിധീകരിച്ച് പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന ആറു ടീമുകളാണ് ജില്ലാ കപ്പിൽ മാറ്റുരയ്ക്കുന്നത്.45 വയസ്സിന് മുകളിൽ പ്രായമുള്ള താരങ്ങളെ ഉൾപ്പെടുത്തി വെറ്ററൻസ് കപ്പ് മത്സരങ്ങളും നടക്കും. ജില്ലാ കപ്പിൽ ഓരോ ടീമിനും ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഗസ്റ്റ് താരങ്ങളെ വീതം ഉൾപ്പെടുത്താം. ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നിയമങ്ങൾക്കനുസരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.ടൂർണമെന്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗ്രൂപ്പ് അക്കാദമിയിലെയും ഗ്രിപ്പ് അക്കാദമിയിലെയും 11 വയസ്സിന് താഴെയുള്ള കുട്ടികൾ പങ്കെടുക്കുന്ന പ്രദർശന ഫുട്ബോൾ മത്സരവും ഉണ്ടായിരിക്കും.വാർത്താസമ്മേളനത്തിൽ 40 ബ്രദേഴ്‌സ് പ്രസിഡന്റ് അബ്ദുല്ല ഗ്രോ, സെക്രട്ടറി മുസ്തഫ ടോപ്‌മാൻ, ട്രഷറർ ഇസ്മായിൽ എലത്തൂർ, പ്രോഗ്രാം കൺവീനർ റഷീദ് വടക്കാഞ്ചേരി, മീഡിയ കൺവീനർ ശിഹാബ് പ്ലസ്, രക്ഷാധികാരി ഖലീൽ സ്കൈ വീൽ, വൈസ് പ്രസിഡന്റ് ശറഫുദ്ധീൻ മാട്ടൂൽ, കോർഡിനേറ്റർ ജലീൽ ജെ.പി.കെ എന്നിവർ പങ്കെടുത്തു.