പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതാ പരിശോധന കർശനമാക്കാൻ എംപിമാരുടെ നീക്കം

മനാമ: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും തൊഴിൽപരിശീലന രേഖകളും ഉപയോഗിച്ച് ബഹ്റൈനിൽ ജോലി നേടുന്നത് തടയാൻ പ്രവാസി തൊഴിലാളികളുടെ യോഗ്യതാ പരിശോധന കർശനമാക്കണമെന്ന് എംപിമാർ. ഇതുസംബന്ധിച്ച നിർദേശം പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. നിർദേശം അടുത്ത ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ച ചെയ്ത് വോട്ടെടുപ്പിന് വിധേയമാക്കും.

തൊഴിൽ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) എന്നിവയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് നിർദേശം. വിദേശ തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ വിദ്യാഭ്യാസ യോഗ്യതകളും സാങ്കേതിക സർട്ടിഫിക്കറ്റുകളും പരിശോധിക്കണം. ഇതിനായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയുന്ന കേന്ദ്രീകൃത ഡാറ്റാബേസും ഒരുക്കണമെന്നാണ് ആവശ്യം.

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടുന്ന സംഭവങ്ങൾ വർധിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സേവനങ്ങളുടെ ഗുണനിലവാരത്തിനും ഭീഷണിയാണെന്ന് നിർദേശം മുന്നോട്ടുവെച്ച അഞ്ച് എംപിമാർ ചൂണ്ടിക്കാട്ടി. ജോലി ചെയ്യാനുള്ള ആവശ്യമായ യോഗ്യതയും പരിശീലനവും ഇല്ലാത്തവർ നിയമിക്കപ്പെടുന്നത് ഒഴിവാക്കാൻ നിയമനത്തിന് മുമ്പുതന്നെ പരിശോധന ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ എല്ലാവരും അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് നിലവിലെ തൊഴിൽ നിയമം പൊതുവായി നിഷ്കർഷിക്കുന്നില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. പ്രൊഫഷണൽ ലൈസൻസ് ആവശ്യമായ ജോലികൾക്കാണ് ഇത്തരം രേഖകൾ നിർബന്ധമായും പരിശോധിക്കുന്നത്. മറ്റ് ജോലികളിൽ നിയമിക്കപ്പെടുന്നവർക്ക് ആവശ്യമായ കഴിവും പരിശീലനവും പ്രവൃത്തിപരിചയവും ഉണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണം.

20 സാങ്കേതിക തൊഴിൽ മേഖലകൾക്ക് പ്രത്യേക നിബന്ധനകൾ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. Skills Bahrain, Tamkeen, LMRA, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

എന്നാൽ, പ്രൊഫഷണൽ ലൈസൻസ് ആവശ്യമായ ജോലികളിൽ നിലവിൽ തന്നെ കർശന പരിശോധനകൾ നടക്കുന്നുണ്ടെന്ന് LMRA വ്യക്തമാക്കി. ബന്ധപ്പെട്ട അതോറിറ്റിയുടെ ലൈസൻസ് ലഭിക്കാതെ ഇത്തരം ജോലികൾക്കായി വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കില്ല. തൊഴിലാളികൾ ലൈസൻസ് ആവശ്യമായ മറ്റൊരു ജോലിയിലേക്ക് മാറുമ്പോഴും ഇതേ പരിശോധന ബാധകമാണ്.

അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും നിയമിക്കുമ്പോൾ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഇലക്ട്രോണിക് സംവിധാനമുള്ളതായി വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. സർവകലാശാലകളുമായും സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടാണ് രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നത്.

പാർലമെന്റിന്റെ അന്തിമ തീരുമാനത്തിനുശേഷം മാത്രമേ ഈ നിർദേശത്തിൽ തുടർനടപടികൾ വ്യക്തമാകൂ.