ഒമാനിൽ തടവുകാർക്കും ജയിൽമോചിതർക്കും തൊഴിൽ-സംരംഭകത്വ പിന്തുണ; ‘ജുസൂർ’ പദ്ധതിക്ക് തുടക്കം

മസ്‌കത്ത്: തടവുകാർക്ക് തൊഴിൽപരിശീലനവും ജയിൽമോചിതർക്ക് സ്വയംതൊഴിൽ, സംരംഭകത്വ അവസരങ്ങളും ഒരുക്കുന്നതിനായി ഒമാനിൽ ‘ജുസൂർ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സാമൂഹിക വികസന മന്ത്രാലയവും സുഹാർ ഇന്റർനാഷനൽ ബാങ്കും സഹകരണ കരാറിൽ ഒപ്പുവെച്ചു.

നവംബർ 19ന് ഒപ്പുവെച്ച കരാർ പ്രകാരം തടവുകാർക്ക് താൽപര്യത്തിനും കഴിവിനും അനുസരിച്ച് തൊഴിൽപരിശീലനം നൽകും. ജയിൽമോചിതർക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനും വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിനും സാമ്പത്തികവും സാങ്കേതികവുമായ പിന്തുണയും ലഭ്യമാക്കും.

ഉൽപാദന സംരംഭങ്ങൾ ആരംഭിക്കൽ, ശിൽപശാലകൾ സ്ഥാപിക്കൽ, ഉൽപന്നങ്ങളുടെ വിപണനം, തുടർപരിശോധന, മാർഗനിർദേശം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

ജയിൽമോചിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി സാമൂഹിക ക്ഷേമവും സാമ്പത്തിക ശാക്തീകരണവും ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.