യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു; മൂന്നുദിവസം ഔദ്യോഗിക ദു:ഖാചരണം

File photo

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ശൈഖ് സുൽത്താന്റെ നിര്യാണത്തിൽ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദേശീയ പതാക താഴ്ത്തികെട്ടുന്നത് ഉൾപ്പെടെ യു.എ.ഇയിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

പ്രസിഡന്റിന്റെ പ്രതിനിധി കൂടിയായ ശൈഖ് സുൽത്താന്റെ നിര്യാണത്തിൽ അൽ നഹ്യാൻ രാജകുടുംബത്തിനും യു.എ.ഇയിലെ ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.