വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു

സൗദി: വാഹനാപകടത്തിൽ പരിക്കേറ്റ് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി. കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട് റോഡിൽ ഷാജി ഓടിച്ചിരുന്ന കമ്പനി വക ഡെലിവറി വാഹനത്തിന് പിന്നിൽ സൗദി പൗരൻറെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. തൊട്ടുടനെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. നാലുവർഷം മുമ്പാണ് ഷാജി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പിതാവ് വർക്കി കുരുവിള, മാതാവ്: കുഞ്ഞുമോൾ. ഭാര്യ: ലവ്ലി. മക്കൾ: ആഷ്‌ലി, എൽസ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.