”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്

കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. ‘എയര്‍കേരള’ എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി (എന്‍ഒസി) ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് (AOC) ലഭിച്ചാല്‍ എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിച്ച് കമ്പനി കേരളത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമെന്ന് സെറ്റ് ഫ്‌ലൈ (Zett Fly) ചെയര്‍മാന്‍ അഫി അഹമ്മദ് അറിയിച്ചു .അടുത്ത വര്‍ഷം ആദ്യപാദത്തില്‍ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.എന്നാൽ ഇരുപതു വിമാനങ്ങള്‍ സ്വന്തമാക്കിയ ശേഷം ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യാന്തര സര്‍വീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ ചെയര്‍മാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് പറഞ്ഞു . നിര്‍മാതാക്കളില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും കമ്പനി തേടുന്നുണ്ട്. തുടക്കമെന്ന നിലയിൽ കേരളത്തില്‍ ഒരു ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാനും ഗള്‍ഫ്-കേരള സെക്ടറിലേക്ക് താങ്ങാനാവുന്ന നിരക്കില്‍ സര്‍വീസ് നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു .

കൊച്ചിയായിരിക്കും എയര്‍ലൈനിന്റെ ഹബ്ബും ആസ്ഥാനവും. എയര്‍കേരള സര്‍വീസ് ആരംഭിക്കുന്നതോടെ കുത്തനെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകള്‍ ഉള്‍പ്പെടെ കേരള പ്രവാസികള്‍ നേരിടുന്ന വിമാനയാത്രാ പ്രശ്‌നങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ വൈസ്‌ചെയര്‍മാന്‍ അയ്യൂബ് കല്ലട പറഞ്ഞു .വ്യോമയാന അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ സുരക്ഷാ, പ്രവര്‍ത്തന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു നിര്‍ണായക ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ എയര്‍ കേരളയ്ക്ക് ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. ഇതിനായി 3 എടിആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒന്നിലധികം പ്രത്യേകതകളാണ് എയര്‍ കേരളയ്ക്കുള്ളത്. എയര്‍കേരള (https://airkerala.com/) എന്ന ബ്രാന്‍ഡിലാകും കമ്പനി സര്‍വീസുകള്‍ നടത്തുകയെന്ന് അഫി അഹമ്മദ് പറഞ്ഞു.നിരവധി ജോലി സാധ്യതകളും ഇതോടൊപ്പം ലഭ്യമാകും .