
ന്യൂയോർക്ക്: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു.ബഹ്റൈനും യുഎന്നും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പ്രാദേശിക മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ, ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബിലെയും കപ്പൽ ഗതാഗത തടസ്സങ്ങളുടെ പ്രത്യാഘാതങ്ങൾ എന്നിവയും ചർച്ചയായി.പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുമായി യുഎൻ സുരക്ഷാ കൗൺസിൽ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ അഭിപ്രായങ്ങൾ കൈമാറി.






