സിവിൽ സൊസൈറ്റി സംഘടനകൾക്കായി മനുഷ്യാവകാശ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ബോധവത്കരണവുമായി ബഹ്റൈൻ ഹ്യൂമൻ റൈറ്സ് ഓർഗനൈസേഷൻ

മനാമ: മനുഷ്യാവകാശ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സിവിൽ സൊസൈറ്റി സംഘടനകൾക്കായി ബോധവത്കരണ പ്രഭാഷണം സംഘടിപ്പിച്ച് ബഹ്റൈൻ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്. മനുഷ്യാവകാശ മേഖലയിലെ സംഘടനകളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച പരിപാടി സംഘടിപ്പിച്ചത്.മനുഷ്യാവകാശ നിരീക്ഷണം, വിവരശേഖരണം, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, വിവരസ്രോതസ്സുകൾ എന്നിവയെക്കുറിച്ച് കമ്മീഷണർ ബോർഡ് അംഗങ്ങളായ അബ്ദുല്ല ഖലീഫ അൽ തവാദി, ഡോ. ഹമദ് ഇബ്രാഹിം അൽ അബ്ദുല്ല, ഡോ. ഷൈമ അബ്ദുല്ല മുഹമ്മദ് എന്നിവർ വിശദീകരിച്ചു.മനുഷ്യാവകാശ സൂചികകൾ, റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള രീതികൾ, അവയുടെ പ്രയോജനം എന്നിവയും ചർച്ചയായി. സിവിൽ സൊസൈറ്റി സംഘടനകളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും മനുഷ്യാവകാശ സംരക്ഷണത്തിലും പ്രോത്സാഹനത്തിലും അവരുടെ പങ്ക് മെച്ചപ്പെടുത്താനും ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.