ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവം : ഗുരുതര വീഴ്ച

ഖത്തർ : ദോഹയിലെ അല്‍ മന്‍‍സൂറയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട് . കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. കെട്ടിടത്തിന്റെ നിർമ്മിതിയിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച വരുത്തിയതായും അനധികൃതമായി ഘടനാമാറ്റം ഉ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .അപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് മരിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടി (45), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍ (44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരായിരുന്നു മരിച്ച മലയാളികള്‍.ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിർദേശ പ്രകാരം പ്രത്യേക സാങ്കേതിക സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു . കെട്ടിടത്തിന്റെ ഉടമ,കെട്ടിടം നിര്‍മിച്ച പ്രധാന കരാറുകാരന്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ്, അറ്റകുറ്റപ്പണികള്‍ നടത്തിയ കമ്പനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.