ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉണ്ടാകും.1900ലെ പാരിസ് ഒളിമ്പിക്സിലായിരുന്നു അവസാനമായി ക്രിക്കറ്റ് ഒളിമ്പിക്സിലുണ്ടായിരുന്നത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്സിലെ ഒരു ഇവന്റായി ഉള്‍പ്പെടുത്താന്‍ ഐഒസിയുടെ അംഗീകാരത്തിനായി ശ്രമങ്ങള്‍ നടത്തിയത്. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയര്മാന് ഗ്രെഗ് ബാര്‍കെ പ്രതികരിച്ചു.ബേസ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, സ്ക്വാഷ്, ലാക്രോസ് എന്നിവയാണ് ക്രിക്കറ്റിന് പുറമേ ഒളിമ്പിക്സിലെ പുതിയ കായിക ഇനമായി തെരഞ്ഞെടുക്കാന്‍ പരിഗണിച്ചത്. ടി20 ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി തങ്ങള്‍ മനസിലാക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ 2028 ല്‍ യുഎസിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ബാര്‍കെ വ്യക്തമാക്കി.