എക്‌സ്‌പോ 2030 റിയാദ്: ബഹ്‌റൈൻ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു

മനാമ: എക്‌സ്‌പോ 2030 റിയാദിൽ പങ്കെടുക്കുന്നതിനുള്ള ബഹ്‌റൈന്റെ കരാറിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഒപ്പുവച്ചു.റിയാദ് എക്‌സ്‌പോ 2030 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തലാൽ അൽ മർറി സൗദി ഭാഗത്തുനിന്ന് കരാറിൽ ഒപ്പുവച്ചു. ബഹ്‌റൈനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുധൈരിയും ചടങ്ങിൽ പങ്കെടുത്തു.ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിന്റെയും വിവിധ മേഖലകളിലെ വർധിച്ചുവരുന്ന സഹകരണത്തിന്റെയും പ്രതിഫലനമാണ് എക്‌സ്‌പോയിലെ ബഹ്‌റൈന്റെ പങ്കാളിത്തമെന്ന് ഷെയ്ഖ് ഖലീഫ പറഞ്ഞു.
ബഹ്‌റൈന്റെ ദേശീയത, നേട്ടങ്ങൾ, ഭാവി ലക്ഷ്യങ്ങൾ എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം സാംസ്‌കാരിക-വിജ്ഞാന കൈമാറ്റത്തിനും പുതിയ പങ്കാളിത്തങ്ങൾക്കും എക്‌സ്‌പോ വേദിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയാണ് എക്‌സ്‌പോ 2030 റിയാദ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200-ലധികം ഔദ്യോഗിക പങ്കാളികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.